ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ. യുഎസിന്റെ അനാവശ്യ ഇടപെടല്‍ ഉഭയകക്ഷി ബന്ധത്തെ താറുമാറിലാക്കുമെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
”കഴിഞ്ഞ ദിവസം യുഎസ് എംബസിയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥ നടത്തിയ പ്രതികരണത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. അവരുടെ പരാമര്‍ശം അനാവശ്യമാണ്. ഇന്ത്യയിലെ നടപടികള്‍ നിയമവാഴ്ചയിലൂടെയാണ് മുന്നോട്ടുപോകുന്നത്. സമാന ധാര്‍മികത ഉള്ളവര്‍ക്ക്, പ്രത്യേകിച്ച് ജനാധിപത്യ സഹവര്‍ത്തികള്‍ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ മടിയുണ്ടാകില്ല.” വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ടും യുഎസ് പ്രതികരിച്ചിരുന്നു. ഇതിനെയും വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ശക്തവും സ്വതന്ത്രവുമായ ജനാധിപത്യ സ്ഥാപനങ്ങളാണ് രാജ്യത്തേതെന്ന് ആവര്‍ത്തിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നിയമസംവിധാനങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
രാജ്യത്തെ നീതിനിര്‍വഹണ സമ്പ്രദായത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അനാവശ്യ ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും വക്താവ് ചൂണ്ടിക്കാട്ടി. രാജ്യാന്തര ബന്ധങ്ങളുടെ അടിത്തറ പരസ്പര ബഹുമാനവും ധാരണയുമാണ്. എല്ലാവരും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേജ്രിവാളിന്റെ അറസ്റ്റും മദ്യനയ കേസുമായി ബന്ധപ്പെട്ടു യുഎസ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ യുഎസ് നയതന്ത്രജ്ഞയായ ന്യൂഡല്‍ഹിയിലെ ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത് തുടരുമെന്നും സുതാര്യമായ, നിയമപരമായ നടപടികള്‍ ഉണ്ടാകണമെന്നും പ്രസ്താവിച്ചത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്കിലെ ഓഫിസില്‍ യുഎസ് പ്രതിനിധിയുമായി 40 മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയില്‍ യുഎസിന്റെ നിലപാടിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെക്കുറിച്ചും മില്ലര്‍ സംസാരിച്ചു. ”നികുതിയുടെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തെക്കുറിച്ചും ഞങ്ങള്‍ക്ക് അറിയാം.
വരുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണത്തെ ബാധിക്കുമെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചും അറിയാം. എല്ലാ വിഷയങ്ങളിലും സുതാര്യവും നിയമപരവുമായ നടപടിക്രമങ്ങളെയാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നത്” – മില്ലര്‍ വ്യക്തമാക്കി.
ഡല്‍ഹി മദ്യനയക്കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കേജ്രിവാള്‍ അറസ്റ്റിലായത്. നേരത്തേ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും പ്രമുഖ നേതാവ് സഞ്ജയ് സിങ്ങിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.