ജനീവ:ഇന്ത്യയിലെ ജനങ്ങൾ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നത് രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ.)വലിയ ആൾക്കൂട്ടങ്ങളും വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്സിനേഷൻ മന്ദഗതിയിലായതും മൂലമുണ്ടായ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ജനങ്ങൾ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നതോടെ രൂക്ഷമാകുന്നു.
കോവിഡ് ബാധിച്ച 15 ശതമാനത്തിൽ താഴെ രോഗികൾക്ക് മാത്രമെ ആശുപത്രികളിലെ പരിചരണം ആവശ്യമുള്ളൂ. അതിനെക്കാൾ കുറച്ച് പേർക്കു മാത്രമേ ഓക്സിഡൻ ആവശ്യമായി വരുന്നുള്ളൂ എന്നും ഡബ്ല്യൂ.എച്ച്.ഒ. വക്താവ് താരിക് ജസാറെവിക് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ട പിന്തുണ ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്. 4,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ അടക്കമുള്ളവയാണ് നൽകുന്നത്.
ധാരാളം പേർ ആശുപത്രികളിലേക്ക് എത്തുന്നതാണ് നിലവിൽ ഇന്ത്യയിലെ പ്രധാന പ്രശ്നം. വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് അവർ ആശുപത്രികളിലേക്ക് എത്തുന്നത്. ഗുരുതര രോഗമില്ലാത്തവരെ വീടുകളിൽതന്നെ ചികിത്സ നൽകുകയും നിരീക്ഷിക്കുകയും ചെയ്യാൻ കഴിയും.
താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങൾ തന്നെ രോഗികളെ കണ്ടെത്തുകയും അവർക്ക് വിദഗ്ധ ഉപദേശം നൽകി വീടുകളിൽതന്നെ കഴിഞ്ഞ് രോഗമുക്തി നേടാൻ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ഹോട്ട്ലൈൻ സംവിധാനത്തിലൂടെയും ഡാഷ്ബോർഡുകൾ വഴിയും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണം.
വലിയ ജനക്കൂട്ടങ്ങൾ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക, കുറച്ചു പേർക്കുമാത്രം വാക്സിൻ ലഭ്യമാക്കുക, വ്യക്തിസുരക്ഷയിൽ വീഴ്ച വരുത്തുക എന്നീ സാഹചര്യങ്ങൾ ഉണ്ടായാൽ ഏത് രാജ്യത്തും സ്ഥിതിഗതികൾ അതീവ ഗുരുതരമാകാം എന്നും ഡബ്ല്യൂ.എച്ച്.ഒ. വക്താവ് മുന്നറിയിപ്പ് നൽകി.