ജബല്‍പുര്‍: ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധം ഉള്‍പ്പെടെ ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗികബന്ധവും ബലാത്സംഗമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും ഇക്കാരണത്താലാണ് ഇത് ബലാത്സംഗമല്ലാതാകുന്നതെന്നും കോടതി നിരീക്ഷിച്ചു. വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ കുറ്റകരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിചിത്രമായ നിരീക്ഷണം.
വിവാഹം സാധുവാണെങ്കില്‍ ഒപ്പം താമസിക്കുന്ന ഭാര്യയുമായി പുരുഷന് ഏതുതരത്തിലുള്ള ലൈംഗികബന്ധത്തിലും ഏര്‍പ്പെടാമെന്നാണ് കോടതി പറഞ്ഞത്. ഭാര്യയുടെ പ്രായം 15 വയസിന് മുകളിലാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ബി വകുപ്പ് മാത്രമാണ് ഇതിന് അപവാദമായുള്ളത്. നിയമപരമായോ അല്ലാതെയോ വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ കുറ്റകരമാക്കുന്ന വകുപ്പാണ് 376-ബി. 15-വയസിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി പുരുഷന്‍ ഏതുതരം ലൈംഗികബന്ധില്‍ ഏര്‍പ്പെട്ടാലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ലെ രണ്ടാം ഇളവ് പ്രകാരം അത് ബലാത്സംഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മനീഷ് സഹു എന്നയാള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതിക്കെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ വിചിത്രമായ നിരീക്ഷണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഭാര്യ നല്‍കിയ പരാതിക്കെതിരെ മനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.