News

പ്രണയാഭ്യര്‍ത്ഥന നടത്തി ആലിംഗനം ചെയ്തു; വീഡിയോ വൈറലായതോടെ വിദ്യാര്‍ത്ഥികളെ പുറത്താക്കി സര്‍വകലാശാല

ഇസ്ലാമാബാദ്: ക്യാംപസിനകത്ത് വെച്ച് പരസ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പുറത്തിക്കിയ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ലാഹോര്‍ സര്‍വകലാശാല പുറത്താക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്യാംപസിനകത്ത് വെച്ചാണ് സഹപാഠിയായ ആണ്‍കുട്ടിയോട് വിദ്യാര്‍ത്ഥിനി പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

റോസാ പുഷ്പങ്ങള്‍ നീട്ടി മുട്ടുകുത്തി നിന്നാണ് പെണ്‍കുട്ടി സഹപാഠിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. യുവാവ് പൂക്കള്‍ സ്വീകരിക്കുകയും പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ചുറ്റും കൂടി നിന്ന വിദ്യാര്‍ത്ഥികള്‍ ഹര്‍ഷാരവം മുഴക്കി ഇവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഈ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഇത് പുറത്തുവിട്ടത്. പിന്നാലെ സംഭവം വൈറലാവുകയും ചെയ്തു.

എന്നാല്‍, വീഡിയോ ശ്രദ്ധയില്‍പ്പെട്ട സര്‍വകലാശാല അച്ചടക്കസമിതി വിദ്യാര്‍ത്ഥികളോട് സമിതിക്ക് മുന്‍പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് ക്യാംപസ് അച്ചടക്കത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു.

ലാഹോര്‍ ക്യാമ്പസിലോ അതിന്റെ സഹ കോളേജുകളിലോ പ്രവേശിക്കുന്നതില്‍ നിന്നും ഇവര്‍ക്ക് വിലക്കുണ്ട്. അതേസമയം, ഇന്റര്‍നെറ്റില്‍ വിദ്യാര്‍ത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സര്‍വകലാശാല അധികൃതരുടെ നടപടി പരിഹാസ്യമാണെന്ന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ഭഖ്തവര്‍ ഭൂട്ടോ വിമര്‍ശിച്ചു.

‘ഏത് നിയമം വേണമെങ്കിലും നടപ്പിലാക്കിക്കോളു. പക്ഷെ ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് പ്രണയത്തെ പുറത്താക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല’ മുന്‍ ക്രിക്കറ്റ് താരം വസിം അക്രത്തിന്റെ ഭാര്യ ഷാനിയേറ അക്രം ട്വീറ്റ് ചെയ്തു.

https://youtu.be/Hn6_Qp0nP5I

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button