ന്യൂഡൽഹി: കോളജ്, സർവകലാശാലാ പരീക്ഷകൾ പ്രാദേശിക ഭാഷയിലുമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നു യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി) നിർദേശിച്ചു. അദ്ധ്യാപനത്തിൽ പ്രാദേശികഭാഷ കൂടുതലായി ഉപയോഗിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകങ്ങളും രചനകളും പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതു പ്രോത്സാഹിപ്പിക്കണമെന്നും യുജിസി ചെയർമാൻ എം.ജഗദേഷ്‌കുമാർ സർവകലാശാലാ വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്.
പൊതുവേ കോളേജ് സർവ്വകലാശാലാ പഠനം ഇംഗ്ലിഷിലാണ്. എന്നാൽ പ്രാദേശിക ഭാഷകൾ കൂടി പ്രോത്സാഹിപ്പിക്കാനാണ് യുജിസി തീരുമാനം. കോളജിൽ ചേരുന്നവരുടെ എണ്ണം (ഗ്രോസ് എന്റോൾമെന്റ് റേഷ്യോ ജിഇആർ) നിലവിലെ 27 ശതമാനത്തിൽനിന്ന് 2035 ആകുമ്പോഴേക്കും 50% ആക്കാൻ ഇത്തരം മാറ്റങ്ങളിലൂടെ സാധിക്കുമെന്നും കത്തിൽ പറയുന്നു.
ഓരോ സർവകലാശാലയും പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കിയിട്ടുള്ള പാഠപുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, മറ്റ് പഠനസാമഗ്രികൾ എന്നിവയുടെ വിവരങ്ങൾ യുജിസിക്കു കൈമാറണം.
ഏതൊക്കെ വിഷയങ്ങളിലെയും കോഴ്‌സുകളിലെയും പുസ്തകങ്ങളാണ് നിർബന്ധമായും പ്രാദേശിക ഭാഷകളിലേക്കു മാറ്റേണ്ടത്, പരിഭാഷയ്ക്കു യോഗ്യരായ അദ്ധ്യാപകരുടെയും വിഷയ വിദഗ്ധരുടെയും വിവരങ്ങൾ, പ്രസാധകരുടെ ലഭ്യത തുടങ്ങിയ വിവരങ്ങളും അറിയിക്കണം.