NationalNews

സമരം ചെയ്യുന്ന കര്‍ഷകര്‍ തെമ്മാടികളെന്ന് കേന്ദ്രമന്ത്രി; വിമര്‍ശവുമായി രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി: കർഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിനിടെ മാധ്യമ പ്രവർത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് പ്രതികരണം.

കുറ്റകൃത്യങ്ങളാണ് അവർ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നൽകുന്നതെന്നും കേന്ദ്ര സാംസ്കാരിക – വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. അവർ കർഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവർ ചെയ്യുന്നത്. അത്തരം പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പ്രചാരണം നൽകുന്നു – മീനാക്ഷി ലേഖി ആരോപിച്ചു.

പരാമർശത്തിനെതിരെ വിമർശവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കർഷകർ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെയാണ് കർഷക സംഘടനകൾ മാസങ്ങളായി ഡൽഹിയുടെ അതിർത്തികളിൽ പ്രക്ഷോഭം നടത്തുന്നത്. വ്യാഴാഴ്ച അവർ ജന്തർ മന്തറിൽ ‘കർഷക പാർലമെന്റി’ന് തുടക്കം കുറിച്ചിരുന്നു. പാർലമെന്റിന് സമീപത്തുള്ള ജന്തർ മന്തറിൽ പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്താൻ ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ കർഷക സംഘടനകൾക്ക് അനുമതി നൽകിയിരുന്നു. ഓഗസ്റ്റ് ഒൻപതുവരെ പ്രക്ഷോഭം നടത്താനാണ് അനുമതി. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നതിനിടെയാണിത്.

അതിനിടെ, നാഗേന്ദ്ര എന്ന മാധ്യമ പ്രവർത്തകനെ ഒരു സ്ത്രീ വടികൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. കഴിഞ്ഞ റിപ്ലബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായിരുന്നു. നിരവധി പേർ ചെങ്കോട്ടയിൽ അതിക്രമിച്ചു കയറുകയും ചെയ്തിരുന്നു. ചിലർ ചെങ്കോട്ടയിൽ കൊടി ഉയർത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് നിരവധി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. പോലീസ് ബാരിക്കേഡുകൾ തകർത്ത് പ്രക്ഷോഭകർ ഡൽഹി നഗരത്തിൽ കടന്നു കയറുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button