ഗാന്ധിനഗർ:കാലപഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്കൽ നയം(scrappage policy) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിർത്തലാക്കുന്നതിനായാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക സംഗമത്തിലാണ് പ്രധാനമന്ത്രി നയം പ്രഖ്യാപിച്ചത്.
പൊളിക്കൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 70 പൊളിക്കൽ കേന്ദ്രങ്ങൾ തുറക്കും ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് കേന്ദ്രങ്ങളിൽ വാഹനത്തിന്റെ കാര്യക്ഷമത പരിശോധിച്ച ശേഷമായിരിക്കും വാഹനം പൊളിക്കുന്നത്. ഇതിനായുള്ള ടെസ്റ്റിങ്ങ് കേന്ദ്രങ്ങളും രാജ്യത്ത് എല്ലാ ജില്ലകളിലും സ്ഥാപിക്കും.
വാഹനങ്ങളുടെ രജിസ്ട്രേഷന് ഏകജാലക സംവിധാനം ഏർപ്പെടുത്തും. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷം സ്വകാര്യവാഹനങ്ങൾക്ക് 20 വർഷവും കാലപ്പഴക്കം എത്തിയാൽ ടെസ്റ്റിങ് നിർബന്ധമാക്കും.
അതേസമയം, ഇത് എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സൂചനകൾ അനുസരിച്ച് 15 വർഷത്തിലധികം കാലപഴക്കമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങളായിരിക്കും ആദ്യം പൊളിക്കുകയെന്നായിരുന്നു റിപ്പോർട്ട്. 2022 ഏപ്രിൽ മാസത്തോടെ ഇത് നടപ്പാക്കി തുടങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു.
ഇതിനുശേഷം 2023 മുതൽ വാണിജ്യ വാഹനങ്ങൾക്കും 2024 മുതൽ സ്വകാര്യ വാഹനങ്ങൾക്കും പൊളിക്കൽ നയം ബാധകമാക്കുമെന്നായിരുന്നു വിവരം. 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുമാണ് പൊളിക്കൻ നയത്തിൽ പരിധിയിൽ വരുന്നതെന്നാണ് പ്രഥമിക വിലയിരുത്തലുകൾ.
പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകി, പുതിയ വാഹനം വാങ്ങുന്ന ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. വാഹനങ്ങളുടെ സ്ക്രാപ്പ് മൂല്യം ഷോറൂം വിലയുടെ ആറ് ശതമാനം വരെയായിരിക്കുമെന്നാണ് വിവരം. ഇതിനൊപ്പം വാണിജ്യ വാഹനങ്ങൾക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 15 ശതമാനവും റോഡ് നികുതി ഇളവും ഒരുക്കിയേക്കും.