ന്യൂഡൽഹി : സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം പുനപരിശോധനാ ഹർജി നൽകി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് സുപ്രീം കോടതിയിൽ പുന പരിശോധനാ ഹർജി നൽകിയത്. പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ അന്തിമ വിജ്ഞാപനം ആറ് മാസത്തിനകമാണെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം നേരത്തെ പുന:പരിശോധന ഹർജി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് സംസ്ഥാനത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കേരളം ഹർജിയിൽ പറയുന്നത്.
സംസ്ഥാനത്തിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേനയാണ് ഹര്‍ജി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫര്‍സോണ്‍ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിധി നടപ്പാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും കേരളത്തിന്റെ ഹർജിയിലുണ്ട്.