ന്യൂഡല്‍ഹി: സര്‍വ്വ ശിക്ഷ കേരളം പദ്ധതിയില്‍ കേരളത്തിന് അര്‍ഹതപ്പെട്ട പണം ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേരളത്തിലെ റിസോഴ്‌സസ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അര്‍ഹമായ പണംപോലും നല്‍കുന്നില്ലെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോഴാണ് എസ്എസ്‌കെ ഫണ്ട് ഉടന്‍ കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
കേന്ദ്രം അര്‍ഹതപ്പെട്ട പണം നല്‍കുന്നില്ലെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ കുറ്റപ്പെടുത്തി. വയനാട് പുനരധിവാസത്തിന് 1200 കോടി രൂപ ആവശ്യമാണ്. എന്നാല്‍ ഈ പണം നല്‍കിയില്ല. പ്രളയം ഉണ്ടായപ്പോള്‍ അരി ഉള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് നല്‍കിയ പണം കേന്ദ്രം തിരിച്ചുപിടിച്ചെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി.ദിനേശ് കോടതിയില്‍ കുറ്റപ്പെടുത്തി.
റിസോഴ്‌സസ് അധ്യാപക നിയമനം നടത്താന്‍ ബുദ്ധിമുട്ടില്ല. തങ്ങളുടെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ പോകുകയാണെന്നും കേന്ദ്രം സഹായിച്ചില്ല എങ്കില്‍ ഇനി വരുന്ന സര്‍ക്കാരുകള്‍ക്കും അത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് ഈ ഫണ്ട് കേന്ദ്രം തടഞ്ഞിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇത്തരത്തില്‍ ഫണ്ടുകള്‍ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. എന്നാല്‍ സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എസ്എസ്‌കെ ഫണ്ട് കേരളത്തിന് ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ഇതിനിടയിലാണ് കേന്ദ്രം എസ്എസ്‌കെ ഫണ്ട് കൈമാറുമെന്ന് അറിയിച്ചിരിക്കുന്നത്.
റിസോഴ്‌സസ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരിന് ആരംഭിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നടപടികള്‍ ആരംഭിക്കുമ്പോള്‍ ഫണ്ട് എത്തുമെന്നും കോടതി പറഞ്ഞു. റിസോഴ്‌സസ് അധ്യാപകരുടെ സംഘടനക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേന്ത് ബസന്ത്, കെ.ആര്‍.സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.


