5ജിയിൽ കരുത്തുകാട്ടാൻ ബിഎസ്എൻഎലും; 61000 കോടി രൂപയുടെ 5ജി സ്പെക്ട്രം അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) 61000 കോടി രൂപയുടെ 5ജി സ്‌പെക്ട്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ രാജ്യത്തുടനീളം ശക്തിയേറിയ 5ജി നെറ്റ്‌വര്‍ക്ക് ശക്തമാക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കും. പുതിയതായി സ്‌പെക്ട്രം അനുവദിച്ചതോടെ പ്രീമിയം ബാന്‍ഡുകളായ 700 മെഗാഹെര്‍ട്‌സ്, 3300 മെഗാഹെര്‍ട്‌സ് (മിഡ്-ബാന്‍ഡ്) എന്നിവ 5ജി സേവനങ്ങള്‍ നല്‍കാനായി ബിഎസ്എന്‍എലിന് ലഭ്യമാവും.

സ്‌പെക്ട്രം ലഭ്യമായതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി പോലുള്ള ചില പ്രദേശങ്ങളില്‍ ബിഎസ്എന്‍എല്‍ പരീക്ഷണാടിസ്ഥാനത്തില്‍ 5ജി സേവനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2025 ജൂണ്‍ മാസത്തോടെ ഈ ടവറുകളില്‍ 5ജി സൗകര്യം പൂര്‍ണമായും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിലാണ്. ഇതില്‍ 80,000 ടവറുകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. ഈ ടവറുകള്‍ എല്ലാം 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്നവയാണ്. ‘നെറ്റ്വര്‍ക്ക് ആസ് എ സര്‍വീസ്’ (NaaS) മോഡലിലൂടെയാണ് ബിഎസ്എന്‍എല്‍ നിലവില്‍ 5ജി സേവനം നല്‍കുന്നത്.

സ്വകാര്യ ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ എന്നിവ ഇതിനകം രാജ്യവ്യാപകമായി 5ജി നെറ്റ്വര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ 5ജി സേവനം ആരംഭിച്ച വി (വോഡഫോണ്‍ ഐഡിയ) മുംബൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ 5ജി ലഭ്യമാക്കിയിട്ടുണ്ട്.

സ്വകാര്യ കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതോടെ ബിഎസ്എന്‍എലിന്റെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് മാറിയതും വിപണിയില്‍ നേട്ടമായി. നിലവില്‍ ലാഭകരമായ റീച്ചാര്‍ജ് പ്ലാനുകള്‍ നല്‍കുന്നത് ബിഎസ്എന്‍എല്‍ ആണ്. 5ജി കൂടിയെത്തുന്നതോടെ ബിഎസ്എന്‍എലിന്റെ പ്രതാപകാലം തിരിച്ചെത്തിയേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News