ന്യൂഡൽഹി:ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഒരു തകർച്ചയും ഉണ്ടായിട്ടില്ലെന്നും അത് യഥാർത്ഥത്തിൽ അതിന്റെ സ്വാഭാവിക ഗതി കണ്ടെത്തുകയാണെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപയുടെ ഓരോ ചലനങ്ങളും തുടർച്ചയായി, സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ചാഞ്ചാട്ടം ഉണ്ടായാൽ മാത്രം ഇടപെടുമെന്നും സീതാരാമൻ രാജ്യസഭയെ അറിയിച്ചു. ഇന്ത്യൻ രൂപയുടെ മൂല്യം നിർണയിക്കാൻ ആർബിഐ ഇടപെടുന്നില്ല, കാരണം അതിന് സ്വന്തം ഗതി കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്,” ചോദ്യോത്തര വേളയിൽ സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.
ഇന്ത്യൻ രൂപയ്ക്കും യുഎസ് ഡോളറിനും ഇടയിൽ സംഭവിക്കുന്ന ചാഞ്ചാട്ടം തടയുന്നതിനാണ് ആർബിഐയുടെ ഇടപെടലുകൾ കൂടുതലെന്നും സീതാരാമൻ പറഞ്ഞു.
‘യഥാർത്ഥത്തിൽ, ഇന്ത്യൻ രൂപയെ മറ്റ് കറൻസികളുമായി താരതമ്യം ചെയ്താൽ, അതിന്റെ മൂല്യത്തിൽ വർദ്ധനവ് മാത്രമേ ഉണ്ടാകുന്നുള്ളൂ’ എന്നും സന്ദർഭം മനസ്സിലാക്കാനും അതിനനുസരിച്ച് ഇന്ത്യൻ രൂപയെക്കുറിച്ച് സംസാരിക്കാനും ധനമന്ത്രി രാജ്യസഭാ അംഗങ്ങളോട് അഭ്യർത്ഥിച്ചു.