ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്. പുനഃസംഘടനയോടെ ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ യുവാക്കൾ ഉൾപ്പെടുന്ന മന്ത്രിസഭയായി ഇത് മാറുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
മന്ത്രിമാരുടെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ മന്ത്രിസഭയാകും പുനഃസംഘടിപ്പിക്കപ്പെടുന്നത്. കൂടുതൽ വനിതകൾ മന്ത്രിസ്ഥാനം നൽകുകയും ഭരണപരിചയമുള്ളവർക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒ.ബി.സി. വിഭാഗത്തിൽനിന്ന് 24 പേർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കും. ചെറിയ സമുദായങ്ങളെ കൂടി ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. പുനഃസംഘടനയോടെ മന്ത്രിമാരുടെ ശരാശരി വിദ്യാഭ്യാസയോഗ്യതയും ഉയരും. പി.എച്ച്.ഡി., എം.ബി.എ., ബിരുദാനന്തര ബിരുദം എന്നിവയുള്ളവരും പ്രൊഫഷണലുകളും കേന്ദ്രമന്ത്രിസഭയിലെത്തും. എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേകം പരിഗണന നൽകുകയും സംസ്ഥാനത്തെ മേഖലകൾക്കും പ്രാതിനിധ്യം നൽകുമെന്നാണ് വിവരം.
മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുള്ള ചിലർ ഇതിനോടകം ഡൽഹിക്ക് തിരിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, അസം മുൻമുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, എൽ.ജെ.പി. നേതാവ് പശുപതി പരാസ്, നാരായൺ റാണെ, വരുൺ ഗാന്ധി തുടങ്ങിയവരാണ് സാധ്യതാപട്ടികയിൽ ഉൾപ്പെട്ട പ്രമുഖർ