EntertainmentKeralaNews

അപ്രതീക്ഷിതം! മനോഹര സമ്മാനം;കുറിപ്പ് പങ്കുവെച്ച് കല്യാണി

കൊച്ചി:ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രവും അതിലെ കേന്ദ്ര കഥാപാത്രങ്ങളായ അരുണും നിത്യയുമൊന്നും മലയാളികളുടെ മനസിൽ നിന്നും മാഞ്ഞിട്ടില്ല. സാമ്പാർ സാദവും ബൺ പൊറോട്ടയും ബീഫുമൊക്കെ സിനിമയിലെ നായികമാരെ പോലെ തന്നെ പ്രേക്ഷകരെ ഒന്നടങ്കം മോഹിച്ചു എന്നുപറയാം. ആ ബൺ പൊറോട്ടയും ബീഫും കഴിക്കാൻ അയ്യപ്പേട്ടന്റെ കട അന്വേഷിച്ചിറങ്ങിയ ഭക്ഷണപ്രേമികളും നിരവധിയാണ്.

സിനിമയിലെ ആ നിമിഷം കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലുള്ളവരും ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ചെന്നൈയിലെ ഒരു ഹോട്ടലിൽ നിന്നുമുള്ള കല്യാണിയുടെയും പ്രണവിന്റെയും ചിത്രം. കാർത്തിക് ഡി പി എന്നയാൾ എക്സ് പ്ലാറ്റ്‌ഫോമിലിട്ട ചിത്രം കല്യാണിയും ഒരു ചെറുകുറിപ്പിന്റെ അകമ്പടിയോടെ പങ്കുവച്ചിട്ടുണ്ട്.  

ചെന്നൈയിലെ വേളാച്ചേരിയിലെ പൊറോട്ട ഡേറ്റ് എന്ന ഹോട്ടലിന്റെ ചുവരിലാണ് അരുണിന്റേയും നിത്യയുടേയും ചിത്രം നിറഞ്ഞു നിൽക്കുന്നത്. ആ ഭക്ഷണശാലയുടെ ചുവരുകളിൽ മുഴുവനും തമിഴ് ചലച്ചിത്രങ്ങളിലെ പൊറോട്ടയെ കുറിച്ച് പരാമർശിച്ചിട്ടുള്ള ചിത്രങ്ങൾ വരച്ചിട്ടുണ്ട്. എന്നാൽ അതിശയിപ്പിക്കുന്ന ഒരു കാര്യമെന്തെന്നാൽ ഹൃദയത്തിലെ പൊറോട്ടയെ കുറിച്ച് പരാമർശിക്കുന്ന രംഗം മാത്രമാണ് മറ്റു ഭാഷകളിലെ സിനിമകളിൽ നിന്നും ആ റസ്റ്ററന്റിന്റെ ചുവരിൽ ഇടംപിടിച്ചിട്ടുള്ളത്. ചിത്രത്തിലെ രണ്ടു നിമിഷം മാത്രമുള്ള ആ ചെറുരംഗം എത്രയാളുകളെയാണ് സ്വാധീനിച്ചിരിക്കുന്നതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ കാർത്തിക് എഴുതിയിട്ടുണ്ട്. ”ഇത് അപ്രതീക്ഷിതമാണെന്നും മനോഹരമായ സമ്മാനമാണിതെന്നുമാണ്” കല്യാണി എഴുതിയിരിക്കുന്നത്. 

ഹൃദയമെന്ന ചിത്രമിറങ്ങി മൂന്നുവർഷങ്ങളായെങ്കിലും ഇപ്പോഴും ഈ സിനിമ പ്രേക്ഷകരെ  എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ തെളിവാണെന്നിതെന്നു ചിത്രത്തിന് താഴെ ഒരാരാധകൻ കുറിച്ചപ്പോൾ മലയാളത്തിലിറങ്ങിയ ഫീൽ ഗുഡ് ചിത്രങ്ങളിൽ ഏറ്റവും മികച്ച ഒന്നാണിതെന്നാണ് മറ്റൊരു കമെന്റ്. നിരവധി പേർ തങ്ങളുടെ സ്നേഹവും ആരാധനയും വെളിപ്പെടുത്തുന്ന കമെന്റുകൾ കല്യാണി പങ്കുവെച്ച ചിത്രത്തിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തുഗ്രാമങ്ങളിൽ ഒന്നായി തിരെഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സന്ദർശകരുടെ തിരക്കേറി. ആ ജനത്തിരക്ക് അതിനു മുൻപ് തന്നെ ആസ്വദിക്കാൻ തുടങ്ങിയിരുന്നു അയ്യപ്പേട്ടന്റെ കട. വിനീത് ശ്രീനിവാസന്റെ ഹൃദയം സിനിമയിൽ പ്രണവും കല്യാണിയും ബൺ പൊറോട്ടയും ബീഫും കഴിക്കുന്ന കട എന്നത് തന്നെയാണ് പലരെയും ഇങ്ങോട്ടു ആകർഷിച്ചത്.

കൂടെ അയ്യപ്പേട്ടന്റെ കൈപ്പുണ്യത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് കൂടി പങ്കുവച്ചതോടെ കടയിൽ ആൾത്തിരക്കേറിയെന്നു പറയേണ്ടതില്ലല്ലോ. നല്ല നാടൻ ഭക്ഷണം കലർപ്പേതുമില്ലാതെ, രുചിനിറച്ച് വിളമ്പുന്നു എന്നത് തന്നെയാണ് ഈ കടയുടെ മേൽവിലാസം.

കൊല്ലങ്കോട് എടച്ചിറയിലാണ് അയ്യപ്പേട്ടന്റെ കട. പൊറോട്ടയും ബീഫും മാത്രമല്ല, ഉച്ചയ്ക്ക് പപ്പടവും പായസവുമടക്കമുള്ള ഊണും ഇവിടെയുണ്ട്. ഹൃദയത്തിലൂടെ ആളുകൾ അറിയുന്നതിന് മുൻപ് തന്നെ ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിയറിഞ്ഞ സിനിമാക്കാർ ധാരാളമുണ്ട്. അവരിലൂടെ കേട്ടറിഞ്ഞെത്തിയതാണ് വിനീത് ശ്രീനിവാസൻ. സിനിമ കണ്ടവർ അരുണിനെയും നിത്യയെയും മാത്രമല്ല, അയ്യപ്പേട്ടന്റെ ചായക്കടയെയും ഹൃദയം കൊണ്ടുതന്നെയാണ് സ്വീകരിച്ചത്. ദോശയും പൊറോട്ടയും കുറുമയും സാമ്പാറും ചട്നിയും മുളക് ചമ്മന്തിയുമാണ് ഇവിടുത്തെ പ്രഭാത ഭക്ഷണം. പതിനൊന്നരയോടെ ഉച്ചഭക്ഷണം വിളമ്പി തുടങ്ങും. മീനും ചിക്കനും ബീഫുമാണ് സ്പെഷലുകൾ. 

ഹൃദയത്തിൽ അരുൺ പറഞ്ഞു പ്രശസ്തമാക്കിയത് ബൺ പൊറോട്ടയാണെങ്കിലും അയ്യപ്പേട്ടന്റെ കടയിൽ ബൺ പൊറോട്ടയില്ല, പകരം കല്ലിൽ ചുട്ടെടുത്തു നല്ല പോലെ അടിച്ചു തരുന്ന പൊറോട്ട കിട്ടും. ഇനി ബൺ പൊറോട്ട വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ അതും തയാറാക്കി നൽകും. കുറച്ചു സമയം കാത്തിരിക്കണമെന്നു മാത്രം.

കൂട്ടിനു കഴിക്കാൻ ബീഫ് കറിയുമുണ്ട്. തനി നാടൻ രീതിയിൽ തയാറാക്കിയെടുക്കുന്നതു കൊണ്ടുതന്നെ വീട്ടിലെ രുചിയ്‌ക്കൊപ്പം നിൽക്കും ഇവിടുത്തെ എല്ലാ കറികളും. ചോറിനൊപ്പമാണെങ്കിൽ സാമ്പാറും തോരനും അവിയലും അച്ചാറും പപ്പടവും വിളമ്പുന്നുണ്ട് കൂടെ പായസവും. തൊടുകറികളിൽ ഓരോ ദിവസവും മാറ്റമുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button