കാണ്‍പുർ: ഉത്തർപ്രദേശിൽ ഗുണ്ടാസംഘത്തലവൻമാരുടെ ചിത്രം ഉൾപ്പെടുത്തി സ്റ്റാന്പുകൾ പുറത്തിറക്കി. ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങളുള്ള അഞ്ചു രൂപ സ്റ്റാന്പുകളാണു തപാൽവകുപ്പ് പുറത്തിറക്കിയത്. എന്റെ സ്റ്റാന്പ് എന്ന പദ്ധതി പ്രകാരം ആർക്കും 300 രൂപ അടച്ച് ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ സ്വന്തം ഫോട്ടോവച്ചും കുടുംബാംഗങ്ങളുടെ ഫോട്ടോവച്ചും തപാൽ സ്റ്റാന്പ് അച്ചടിക്കാം.
ആ പദ്ധതിയുടെ ഭാഗമായി ആരോ ഈ ഗുണ്ടാത്തലവൻമാരുടെ ഫോട്ടോ കൈമാറുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥ തലത്തിലെ പിഴവാണു സംഭവിച്ചതെന്നും സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ് മാസ്റ്റർ ജനറൽ വിനോദ് കുമാർ വർമ വിശദീകരിച്ചു. ജീവനക്കാർക്ക് എന്തുകൊണ്ടാണു ഗുണ്ടാസംഘങ്ങളെ തിരിച്ചറിയാൻ പറ്റാതിരുന്നതെന്നു പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിശക് വിവാദമായതോടെ പോസ്റ്റ് മാസ്റ്റർ ജനറൽ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കാണ്‍പുർ ജില്ലയിലെ പ്രധാന പോസ്റ്റോഫീസിലെ ഫിലാറ്റലി വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്.