KeralaNews

‘മുംബൈയില്‍ ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടു’; മോന്‍സന്റെ ‘തള്ള്’ കഥകള്‍

കൊച്ചി: പുരാവസ്തു വില്‍പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്. ടെക്‌നിക്കല്‍ സ്‌കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്നെങ്കിലും ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇടവക പള്ളിയില്‍ കപ്യാരായി. എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ വിവാഹം ഏറെ ചര്‍ച്ചയായി.

പിന്നീട് നാടുവിട്ടു, ധനികനായ തിരിച്ചുവന്നു. ഡോക്ടറായും പുരാവസ്തു ബിസിനസുകാരനായും രംഗത്തു വന്നത് ഈ രണ്ടാം വരവിനു ശേഷമാണ്. ഒറ്റനോട്ടത്തില്‍ മ്യൂസിയമെന്ന് തോന്നിപ്പിക്കും വിധം പുരാവസ്തുക്കളുടെ ശേഖരം നിറഞ്ഞതാണ് കലൂരിലെ ഇയാളുടെ വീട്. ഇതില്‍ പലതും സിനിമാ ചിത്രീകരണങ്ങള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. ഇങ്ങനെ സെലിബ്രിറ്റികളുമായി അടുപ്പം സ്ഥാപിച്ചു. മുംബൈയില്‍ തനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട് എന്നാണ് പരാതിക്കാരോട് മോന്‍സണ്‍ പറഞ്ഞിരുന്നത്. ഇവിടെ ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടെന്ന കഥകളും ഇയാള്‍ പറഞ്ഞിരുന്നു.

അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാള്‍ക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച് കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. എന്നാല്‍ ചോദ്യം ചെയ്യലില്‍ തത്ത പറയുന്നത് പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി.

ആഡംബര വാഹങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്നും കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിന്റൊക്കെ അടിച്ച് താന്‍ പണക്കാരനാണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താന്‍ ചെയ്തതാണെന്ന് ഇയാള്‍ സമ്മതിച്ചു. അജാനുബാഹുവായ അംഗരക്ഷകരുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അവരുടെ കയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നു. മോന്‍സനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ സെക്യൂരിറ്റിക്ക് നിന്ന ഇവര്‍ മതി ചാടി ഓടിരക്ഷപെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button