KeralaNews

ഉടമസ്ഥാവകാശം തെളിയിക്കാനായില്ല; തച്ചങ്കരി എസ്റ്റേറ്റിൻ്റെ 82 സെൻ്റ് ഭൂമി സർക്കാർ തിരിച്ചുപിടിച്ചു

ഇടുക്കി: ചിന്നക്കനാൽ വില്ലേജിൽ തച്ചങ്കരി എസ്റ്റേറ്റ്സ് ആൻഡ്‌ റിസോർട്സ് എന്ന സ്ഥാപനം അനധികൃതമായി കൈവശം വെച്ചിരുന്ന 82 സെന്റ് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. ജില്ലാ കളക്‌ടറുടെ നിർദേശത്തെ തുടർന്നാണ് ഭൂമി ഏറ്റെടുത്തത്. കൈവശഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ടിസൻ ജെ തച്ചങ്കരിക്ക് സാധിക്കാത്തതിനെ തുടർന്നാണ് റവന്യു വകുപ്പിന്റെ നടപടി.

2007ലാണ് ഇവിടെ പുറമ്പോക്ക് ഭൂമിയിൽ കൈയേറ്റം നടന്നിട്ടുണ്ടെന്നും ഏലം കുത്തക പാട്ടഭൂമിയിൽ ചട്ടം ലംഘിച്ച് ടൂറിസം ആവശ്യങ്ങൾക്ക് കെട്ടിടം നിർമ്മിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് കണ്ടെത്തിയത്. ഈ ഭൂമി ഏറ്റെടുക്കാൻ 2007 ജൂൺ 19ന് കളക്ടർ ഉത്തരവിട്ടെങ്കിലും കമ്പനി ഡയറക്ടറായ ടിസൻ ജെ തച്ചങ്കരി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 2013 ജനുവരിയിൽ ഭൂമി ഏറ്റെടുക്കുന്നതിൽ കളക്ടർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഈ ഉത്തരവ് ചോദ്യംചെയ്യുന്നതിന് രണ്ടാഴ്ച സമയം നൽകണമെന്നും കോടതി നിർദേശിച്ചു.

ഇത് പ്രകാരം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹിയറിങ് നടത്തി. തുടർന്ന് നടത്തിയ സ്ഥലപരിശോധനയിൽ കൈവശഭൂമിയുടെ സർവേ നമ്പർ, വിസ്തീർണം എന്നിവയിൽ വ്യത്യാസം കണ്ടെത്തി. സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിലും രേഖകളിൽ ഉള്ളതിനേക്കാൾ സ്ഥലം ഉടമകൾ കൈവശം വെച്ചിരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ ഹിയറിങ്ങിൽ ടിസൻ ജെ തച്ചങ്കരി ഹാജരാക്കിയ രേഖകൾ പ്രകാരവും കൈവശഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഭൂമിയേറ്റെടുക്കാൻ റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്.

റിസോർട്ടിന് പിറകിലുള്ള 80 സെന്റ് സ്ഥലമാണ് കൈവശം വെച്ചിരുന്നത്. അവിടെ കൃഷി ചെയ്തുവന്നിരുന്ന ഏലം കൃഷിയും റവന്യു സംഘം വെട്ടിനശിപ്പിച്ചു. ഡെപ്യുട്ടി തഹസിൽദാർമാരായ ഹാരിസ് ഇബ്രാഹിം, ഡി ചന്ദ്രകുമാർ, വില്ലേജ് ഓഫീസർ സുനിൽ കെ പോൾ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ വി ശ്രീകുമാർ, താലൂക്ക് ജീവനക്കാർ, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button