കീവ്: പിറന്ന മണ്ണിനെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് യുക്രൈന്‍ എംപിയും വോയിസ് പാര്‍ട്ടി നേതാവുമായ കിരാ റുദിക്. കലാഷ്‌നിക്കോവ് കയ്യിലെടുക്കുന്നത് പ്രതീക്ഷയാണെന്ന് കിരാ റുദിക് തോക്കേന്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തു.
‘ഞാന്‍ കലാഷ്‌നിക്കോവ് ഉപയോഗിക്കാനും ആയുധങ്ങള്‍ കയ്യിലെടുക്കാനും പഠിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഇതൊരിക്കലും എന്റെ മനസിലേക്ക് വന്നിരുന്നില്ല. നമ്മുടെ പുരുഷന്മാരെപ്പോലെ നമ്മുടെ സ്ത്രീകളും ഈ മണ്ണിനെ സംരക്ഷിക്കും’- എന്നാണ് കിരാ റുദിക് ട്വീറ്റ് ചെയ്തത്.
അയല്‍രാജ്യത്തിനും (റഷ്യയ്ക്കും) പുടിനും എങ്ങനെയാണ് നിലനില്‍പ്പിനുള്ള യുക്രൈന്റെ അവകാശത്തെ ചോദ്യംചെയ്യാനാവുകയെന്ന് കിരാ റുദിക് ചോദിക്കുന്നു- ‘യുദ്ധം ആരംഭിച്ചപ്പോള്‍ അമര്‍ഷം തോന്നി. ഭ്രാന്തന്‍ സ്വേച്ഛാധിപതി പറയുന്നത് ഞങ്ങള്‍ നാടുവിട്ടുപോകണമെന്നാണ്. എനിക്ക് കിയവില്‍ തന്നെ ജീവിക്കണം. പിറന്ന മണ്ണില്‍ ജീവിക്കാനായി പൊരുതാന്‍ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമം തുടരും. ഞങ്ങളുടേത് ഒരു സ്വതന്ത്ര രാജ്യമാണ്. നമ്മുടെ പരമാധികാരം സംരക്ഷിക്കും. എന്റെ മക്കളും യുക്രൈനില്‍ തന്നെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം’- കിരാ റുദിക് പറഞ്ഞു.
തന്റെ വീട്ടിലെ ഗോവണിക്ക് താഴെയുള്ള അലമാരയെ ബങ്കറാക്കി മാറ്റിയെന്നും കിരാ റുദിക് പറഞ്ഞു. ആക്രമണ സൂചന നല്‍കി സൈറണുകള്‍ മുഴങ്ങുമ്പോഴെല്ലാം മക്കളുമൊത്ത് അലമാരയ്ക്കുള്ളില്‍ കയറുകയാണ് ചെയ്യുന്നതെന്ന് കിര പറഞ്ഞു. റഷ്യന്‍ സേനയ്ക്കെതിരായ യുക്രൈന്റെ ചെറുത്തുനില്‍പ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് കിരാ റുദിക് പറയുന്നു-
‘പുടിന്‍ തന്റെ മനസ്സ് മാറ്റി സൈനികരെ തിരികെ വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. പുടിന്‍ തന്റെ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍, നമ്മുടെ മണ്ണിനെ സംരക്ഷിക്കാന്‍ നമ്മള്‍ നിലകൊള്ളും. ഞങ്ങള്‍ അത് ചെയ്യും. യുക്രൈന്‍ മുഴുവന്‍ അതിന് തയ്യാറാണ്. നഗരത്തില്‍ നിന്ന് പലായനം ചെയ്ത യുക്രേനിയക്കാര്‍ ഇപ്പോള്‍ ആയുധങ്ങളുമായി തിരികെ വരികയാണ് രാജ്യത്തെ സംരക്ഷിക്കാന്‍.’
ഈ യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്നും കിരാ റുദിക് പറഞ്ഞു- യുക്രൈനിലെ ഓരോ പുരുഷനും സ്ത്രീയും പോരാടാന്‍ തയ്യാറാണ്. ഞങ്ങളല്ല ഈ യുദ്ധം ആരംഭിച്ചത്. സമാധാനപരമായി ഞങ്ങളുടെ രാജ്യത്ത് ജീവിതം നയിച്ചവരാണ്. ഞങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അങ്ങനെയിരിക്കെയാണ് വില്ലന്‍ കടന്നുവന്നത്. ഒരിക്കലും ആയുധമെടുത്തിട്ടില്ലാത്ത എന്നെപ്പോലുള്ളവര്‍ ഇന്ന് എഴുന്നേറ്റുനിന്ന് പൊരുതുന്നു. ആരില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാനല്ല, രാജ്യത്തെ സംരക്ഷിക്കാന്‍’. കയ്യില്‍ കരുതിയ തോക്ക് തിരികെവെയ്ക്കാനും ദൈവത്തോട് നന്ദി പറയാനും കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും കിര റുദിക് പറഞ്ഞു.
I learn to use #Kalashnikov and prepare to bear arms. It sounds surreal as just a few days ago it would never come to my mind. Our #women will protect our soil the same way as our #men. Go #Ukraine! 🇺🇦 pic.twitter.com/UbF4JRGlcy
— Kira Rudik (@kiraincongress) February 25, 2022