25.5 C
Kottayam
Saturday, May 18, 2024

റഷ്യൻ കടന്നുകയറ്റത്തെ ശക്തമായി നേരിട്ട് യുക്രൈൻ; 50% ഭൂപ്രദേശങ്ങളും തിരിച്ചുപിടിച്ചെന്ന് അവകാശവാദം

Must read

കീവ്: റഷ്യന്‍ അധിനിവേശത്തെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ നേരിട്ട് യുക്രൈന്‍. യുദ്ധം എട്ടുമാസം പിന്നിട്ടതിനിടെ റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളില്‍ 50 ശതമാനവും യുക്രൈന്‍ തിരിച്ചുപിടിച്ചുവെന്ന് അവകാശപ്പെടുന്ന ഭൂപടമടക്കം പുറത്തുവന്നുകഴിഞ്ഞു. ഫെബ്രുവരിയില്‍ തുടങ്ങിയ യുദ്ധം തുടരുകയാണ്. കഴിഞ്ഞയാഴ്ച യുക്രൈനിലെ ഖേഴ്സണില്‍നിന്ന് റഷ്യ പിന്മാറിയിരുന്നു. വ്‌ലാദിമിര്‍ പുതിന്റെ സൈന്യം കീഴടക്കിയ ഏറ്റവും വലിയ നഗരകേന്ദ്രമായിരുന്നു ഖേഴ്സണ്‍.

അതിനിടെ റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളില്‍ 50 ശതമാനവും യുക്രൈന്‍ തിരിച്ചുപിടിച്ചുവെന്ന് അവകാശപ്പെടുന്ന ഭൂപടം എബിസി ന്യൂസിന്റെ വിദേശ പ്രതിനിധി ജെയിംസ് ലോങ്മാനാണ് ട്വിറ്ററില്‍ പങ്കുവച്ചത്. മാര്‍ച്ച് – നവംബര്‍ മാസങ്ങളിലെ യുക്രൈനിന്റെ ഭൂപടങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഖേഴ്സണില്‍നിന്ന് റഷ്യ പിന്മാറിയതിന് പിന്നാലെ യുക്രൈന്‍ സൈന്യം നഗരമധ്യത്തില്‍ ദേശീയപതാക ഉയര്‍ത്തിയിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി തിങ്കളാഴ്ച ഖേഴ്സണ്‍ സന്ദര്‍ശിച്ചിരുന്നു. അവിടം വിടുന്നതിന് മുമ്പ് റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി അദ്ദേഹം ആരോപിച്ചു.’ നമ്മള്‍ മുന്നോട്ട് നീങ്ങുകയാണ്’- വൊളോദിമിര്‍ സെലന്‍സ്‌കി യുക്രൈന്‍ സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. യുദ്ധത്തില്‍ റഷ്യയെ എതിര്‍ത്ത് രാജ്യത്തോടൊപ്പംനിന്നതിന് നാറ്റോ(NATO)യോടും മറ്റ് സഖ്യകക്ഷികളോടും അദ്ദേഹം നന്ദി പറഞ്ഞു.

അതിനിടെ, ജി- 20 ഉച്ചകോടിക്കായി ബാലിയിലെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വിവരം ഇന്ന് പുറത്തുവന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന് വേണ്ടി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഉടനെത്തന്നെ സെര്‍ജി ലാവ്‌റോവിനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയസംബന്ധമായ പ്രശ്‌നം പരിഹരിക്കാനാണ് പോയതെന്നാണ് ഇന്‍ഡൊനീഷ്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആശുപത്രിയില്‍തന്നെ തുടരുന്ന ലാവ്‌റോവിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

എന്നാല്‍ വിദേശകാര്യ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങളെ റഷ്യ തള്ളിക്കളഞ്ഞു. റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സഖരോവയാണ് അത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് പ്രതികരിച്ചത്. എന്നാല്‍, റഷ്യന്‍ വിദേശകാര്യ മന്ത്രി മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രി സന്ദര്‍ശിച്ചതായി ബാലി ഗവര്‍ണര്‍ പറഞ്ഞു. രണ്ട് ദിവസം നീളുന്ന ജി- 20 ഉച്ചകോടി ചൊവ്വാഴ്ച അവസാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week