കീവ്: നാറ്റോ അംഗത്വത്തിനായി ഇനി സമര്‍ദ്ദം ചെലുത്തില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി.
ഫെബ്രുവരി 24-ന് യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിക്കുന്നതിന് മുമ്ബ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സ്വതന്ത്രപ്രദേശങ്ങളെന്ന് പ്രഖ്യാപിച്ച യുക്രൈനിലെ രണ്ട് റഷ്യന്‍ അനുകൂല പ്രദേശങ്ങളുടെ പദവിയില്‍ ‘വിട്ടുവീഴ്ച’യ്ക്ക് തയ്യാറാണെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.
യുക്രൈനിനെ അംഗീകരിക്കാന്‍ നാറ്റാ തയ്യാറല്ലെന്ന് എബിസി ന്യൂസില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ സെലെന്‍സ്‌കി പറഞ്ഞു. വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഏറ്റുമുട്ടലിനെയും നാറ്റോ ഭയപ്പെടുന്നുവെന്നായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം.
മുട്ടുകുത്തി യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാറ്റോ അംഗത്വത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
സോവിയറ്റ് യൂണിയനില്‍ നിന്ന് യൂറോപ്പിനെ സംരക്ഷിക്കുന്നതിനായി ശീതയുദ്ധത്തിന്റെ തുടക്കത്തില്‍ സൃഷ്ടിച്ച അറ്റ്ലാന്റിക് സഖ്യമായ നാറ്റോയില്‍ അയല്‍രാജ്യമായ യുക്രൈന്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപ വര്‍ഷങ്ങളില്‍, ക്രെംലിനിനെ പ്രകോപിപ്പിച്ചുകൊണ്ട് മുന്‍ സോവിയറ്റ് ബ്ളോക്ക് രാജ്യങ്ങളില്‍ ഈ സഖ്യം കൂടുതല്‍ കൂടുതല്‍ കിഴക്കോട്ട് വികസിച്ചു. നാറ്റോ വിപുലീകരണത്തെ റഷ്യ ഒരു ഭീഷണിയായാണ് കാണുന്നത്.
യുക്രൈന്‍ അധിനിവേശത്തിന് ഉത്തരവിട്ടുകൊണ്ട് ലോകത്തെ ഞെട്ടിക്കുന്നതിന് തൊട്ടുമുമ്ബ്, 2014 മുതല്‍ കൈവുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കിഴക്കന്‍ യുക്രൈനിലെ ഡൊനെറ്റ്സ്ക്, ലുഗാന്‍സ്ക് എന്നീ രണ്ട് പ്രദേശങ്ങളെ റഷ്യന്‍ അനുകൂല “റിപ്പബ്ലിക്കുകള്‍” ആയി പുടിന്‍ അംഗീകരിച്ചിരുന്നു. യുക്രൈനും തങ്ങളെ പരമാധികാരികളും സ്വതന്ത്രരുമായി അംഗീകരിക്കണമെന്ന് പുടിന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.
റഷ്യയുടെ ഈ ആവശ്യങ്ങളെക്കുറിച്ച് താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലെന്‍സ്‌കി പറഞ്ഞു. ഈ രണ്ട് പ്രദേശങ്ങളും റഷ്യ അല്ലാതെ മറ്റാരും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഈ പ്രദേശങ്ങള്‍ എങ്ങനെ ജീവിക്കും എന്നതിനെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പ് കണ്ടെത്താമെന്നും യുക്രൈന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. “എനിക്ക് പ്രധാനം, ആ പ്രദേശങ്ങളിലെ ആളുകള്‍ യുക്രൈനിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങനെ ജീവിക്കും എന്നതാണ്” സെലെന്‍സ്‌കി പറഞ്ഞു.