33.4 C
Kottayam
Monday, May 6, 2024

കീഴടങ്ങണമെന്ന് റഷ്യൻ സേന, മറുപടിയായി അസഭ്യം; കരിങ്കടലിലെ ‘സർപ്പദ്വീപിൽ’ പിന്നീട് നടന്നത് കൂട്ടക്കുരുതി

Must read

‘‘ഇതൊരു റഷ്യൻ യുദ്ധക്കപ്പലാണ്. നിങ്ങൾ ആയുധം വച്ചു കീഴടങ്ങുന്നുണ്ടോ? ഞങ്ങൾ ആവർത്തിക്കുന്നു നിങ്ങൾ കീഴടങ്ങുന്നുണ്ടോ?’’ കരിങ്കടലിൽ റുമാനിയയോടു ചേർന്ന് യുക്രെയ്ൻ അധീനതയിലായിരുന്ന സ്നേക് ഐലൻഡ് എന്ന സെർപന്റ് ദ്വീപ് വളഞ്ഞ രണ്ടു റഷ്യൻ യുദ്ധക്കപ്പലുകളിൽ നിന്നാണ് ഈ മുന്നറിയിപ്പ് മുഴങ്ങിയത്. 13 അതിർത്തി രക്ഷാസൈനികരെയാണ് ദ്വീപിന്റെ സുരക്ഷയ്ക്കായി ഇവിടെ യുക്രെയ്ൻ നിയോഗിച്ചിരുന്നത്. ഇവരിൽ നിന്ന് മറുപടിയായി റഷ്യൻ സേനയ്ക്ക് ലഭിച്ചത് അസഭ്യവർഷവും.

യുക്രെയ്നിന്റെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്നേക് ഐലൻഡിന്റെ കാവലിന് നിയോഗിക്കപ്പെട്ട 13 യുക്രെയ്ൻ സൈനികരെയും വധിച്ചതായുള്ള റിപ്പോർട്ടുകളാണ് പിന്നാലെയെത്തിയത്. ഉദ്ദേശം 42 ഏക്കര്‍ ദ്വീപില്‍ പിടിച്ചെടുത്തതോടെ കരിങ്കടലിൽ 12 നോട്ടിക്കൽ മൈൽ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി. റഷ്യൻ സേനയുടെ കീഴടങ്ങൽ നിർദ്ദേശം ചെവിക്കൊള്ളാതെ സധൈര്യം പിടിച്ചുനിന്ന് വീരമൃത്യു വരിച്ച 13 സൈനികർക്കും മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രെയ്ൻ പദവി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പ്രഖ്യാപിച്ചു. യുക്രെയ്നിനായി ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണ എന്നും നിലനിൽക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടക്കത്തിൽ ഓട്ടേമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ദ്വീപ്, 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്നാണ് യുക്രെയ്നിനു ലഭിച്ചത്. യുക്രെയ്‌നിലെ ഒഡെസ അഡ്മിനിസ്ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപിൽ നിലയുറപ്പിച്ചിരുന്ന യുക്രേനിയൻ അതിർത്തി സേനയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായു ദ്വീപിന്റെ നിയന്ത്രണം യുക്രെയ്നു നഷ്ടമായതായും യുക്രെയ്ൻ സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ് അറിയിച്ചു.

യുക്രെയ്നിലെ കരിങ്കടൽ തീരത്ത് നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ ഡാന്യൂബ് ഡെൽറ്റയ്ക്ക് സമീപമാണ് സ്നേക്ക് ഐലൻഡ്. 2012 ലെ കണക്കനുസരിച്ച് 30 ൽ താഴെയാണ് ദ്വീപിലെ ജനസംഖ്യ. 2004 മുതൽ 2009 വരെ റുമാനിയയും യുക്രെയ്നും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ ഭാഗമായിരുന്നു ദ്വീപ്. 2004 സെപ്റ്റംബർ 16-ന് ദ്വീപിന്റെ സമുദ്രാതിർത്തി സംബന്ധിച്ച തർക്കത്തിൽ റുമാനിയ യുക്രെയ്നിനെതിരെ രാജ്യന്തര നീതിന്യായ കോടതിയെ സമീപിച്ചു. 2009 ഫെബ്രുവരി മൂന്നിന് ഇതിൽ വിധി പറഞ്ഞു. ഇതുപ്രകാരം തർക്കമുള്ള സമുദ്രപ്രദേശത്തിന്റെ 80% റുമാനിയയ്ക്ക് നൽകി.

1828-1829 ലെ റുസോ-ടർക്കിഷ് യുദ്ധത്തെത്തുടർന്നാണ്, 1829-ൽ, 1856 വരെ ദ്വീപ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായത്. 1877-ൽ, 1877-1878 ലെ റുസോ-ടർക്കിഷ് യുദ്ധത്തെത്തിനു പിന്നാലെ ഒട്ടോമൻ സാമ്രാജ്യം ദ്വീപും വടക്കൻ ഡോബ്രുജ പ്രദേശവും റുമാനിയയ്ക്ക് നൽകി. റുമാനിയയുടെ തെക്കൻ ബെസെറേബിയ മേഖല ഒട്ടോമൻ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തതിനു പകരമായിരുന്നു ഇത്.

ഒന്നാം ലോകയുദ്ധസമയത്ത് റുമാനിയയുമായുള്ള സഖ്യത്തിന്റെ ഭാഗമായി, റഷ്യക്കാർ ദ്വീപിൽ ഒരു വയർലെസ് സ്റ്റേഷൻ തുടങ്ങി. 1917 ജൂൺ 25 ന് ടർക്കിഷ് കപ്പൽ ബോംബെറിഞ്ഞതിനെ തുടർന്ന് വയർലെസ് സ്റ്റേഷൻ തകർന്നു. 1860-ൽ മാരിയസ് മൈക്കൽ പാഷ നിർമിച്ച ലൈറ്റ്ഹൗസിനും കേടുപാടുണ്ടായി. 1920-ലെ വാഴ്‌സാ ഉടമ്പടി പ്രകാരം ദ്വീപ് റുമാനിയയുടെ ഭാഗമാണെന്ന് വീണ്ടും സ്ഥിരീകരിച്ചു. ലൈറ്റ്ഹൗസ് 1922 ൽ പുനർനിർമിച്ചു.

രണ്ടാം ലോകയുദ്ധസമയത്ത് റുമാനിയയുടെ നിയന്ത്രണത്തിലുള്ള ഈ ദ്വീപ്, അച്ചുതണ്ട് ശക്തികൾ ഉപയോഗിച്ചിരുന്ന റേഡിയോ സ്റ്റേഷന്റെ ആസ്ഥാനമായിരുന്നു. ദ്വീപിന് സമീപം സോവിയറ്റ് യൂണിയൻ പട്രോളിങ് നടത്തിയെങ്കിലും അച്ചുതണ്ട് ശക്തികളുടെ കപ്പലുകൾ കണ്ടെത്താനായില്ല. 1941 ജൂലൈ 9-നും 1941 സെപ്റ്റംബർ 7-നും ദ്വീപിന് സമീപം വീണ്ടും പട്രോളിങ് നടത്തി. 1942 ഡിസംബർ 1 ന്, സോവിയറ്റ് സേന ദ്വീപിൽ ബോംബെറിഞ്ഞു. ബോംബാക്രമണത്തിനിടെ, ദ്വീപിലെ റേഡിയോ സ്റ്റേഷൻ, ലൈറ്റ്ഹൗസ് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായി. എന്നാൽ, കാര്യമായ നഷ്ടമുണ്ടായില്ല.

1942 ഡിസംബർ 11ന് 44 പേരുമായി ദ്വീപിലേക്കു വരികയായിരുന്ന സോവിയറ്റ് അന്തർവാഹിനി റുമേനിയ മുക്കിക്കളഞ്ഞു. ദ്വീപിനോടു ചേർന്ന് കടലിൽ സ്ഥാപിച്ച മൈനുകളിൽ തട്ടി അന്തർവാഹിനി തകരുകയായിരുന്നു. അതിലുണ്ടായിരുന്ന 44 പേരും മരിച്ചു. 1943 ഓഗസ്റ്റ് 25-ന്, രണ്ട് റുമാനിയൻ മോട്ടോർ ബോട്ടുകൾ ദ്വീപിന് സമീപം ഒരു സോവിയറ്റ് അന്തർവാഹിനി ആക്രമിച്ചു. 1944 ഓഗസ്റ്റ് 29-30 ന് റുമാനിയൻ നാവികരെ ദ്വീപിൽ നിന്ന് ഒഴിപ്പിക്കുകയും സോവിയറ്റ് സൈന്യം ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു.

രണ്ടാം ലോകയുദ്ധത്തിനു ശേഷം, 1947 ലെ പാരിസ് ഉടമ്പടി പ്രകാരം റുമാനിയ വടക്കൻ ബുക്കോവിന, ഹെർട്‌സ മേഖല, ബുഡ്‌ജാക്ക്, ബെസെറേബിയ എന്നിവ സോവിയറ്റ് യൂണിയന് വിട്ടുകൊടുക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഡാന്യൂബിനെയോ ദ്വീപിനെ കുറിച്ചോ ഉടമ്പടിയിൽ പരാമർശിച്ചില്ല. 1948 വരെ ദ്വീപ് റുമാനിയയുടെ ഭാഗമായിരുന്നു. 1948 ഫെബ്രുവരി 4-ന്, അതിർത്തി നിർണയ വേളയിൽ, റുമാനിയയും സോവിയറ്റ് യൂണിയനും ഒരു പ്രോട്ടോക്കോളിൽ ഒപ്പുവച്ചെങ്കിലും പ്രോട്ടോക്കോളിന്റെ സാധുതയെ റുമാനിയ എതിർത്തു. 1987-ൽ ദ്വീപിന് ചുറ്റുമുള്ള 6,000 കി.മീ. ൽ 4,000 കി.മീ. എന്ന റഷ്യൻ വാഗ്ദാനം സ്വീകരിക്കാൻ റുമാനിയ പക്ഷം വിസമ്മതിച്ചു. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന്, ദ്വീപിന്റെ നിയന്ത്രണം യുക്രെയ്നിന് അവകാശമായി ലഭിച്ചു.

എന്നാൽ, നിരവധി റുമാനിയൻ പാർട്ടികളും സംഘടനകളും ദ്വീപ് തങ്ങളുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉടമ്പടികളിൽ ദ്വീപ് റുമാനിയയുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നത് കാണിച്ചാണ് ആവശ്യമുന്നയിച്ചത്. 1997-ൽ, റുമാനിയയും ഉക്രെയ്നും ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. ഇതുപ്രകാരം സമുദ്രാതിർത്തി സംബന്ധിച്ച് രണ്ട് വർഷത്തിനുള്ളിൽ ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ, അന്തിമ വിധിക്കായി ഇരുപക്ഷത്തിനും രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കാമെന്ന് ഇരുപക്ഷവും സമ്മതിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week