KeralaNews

കാറിടിപ്പിച്ച് വീഴ്ത്തി; അതിര്‍ത്തിവഴി രക്ഷപെടാന്‍ ശ്രമിച്ച ഇന്ത്യക്കാരെ കൈയേറ്റം ചെയ്ത് സൈന്യം

കീവ്: പോളണ്ട് അതിര്‍ത്തി വഴി രക്ഷപെടാന്‍ ശ്രമിച്ച ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്ത് യുക്രൈന്‍ സൈന്യം. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ സൈന്യം ലാത്തി ചാര്‍ജ് നടത്തി. വിദ്യാര്‍ഥികളെ കാറ് കൊണ്ട് ഇടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയവരെയും സൈന്യം മര്‍ദിച്ചു. തോക്ക് ചൂണ്ടിയും സൈന്യം ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും തങ്ങളെ സുരക്ഷിതരായി ഉടന്‍ തന്നെ നാട്ടിലേക്ക് എത്തിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. മണിക്കൂറുകളായി തങ്ങളെ തടഞ്ഞു വച്ചിരിക്കുകയാണെന്നും അസഹനീയമായ തണുപ്പാണ് അതിര്‍ത്തിയിലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയില്‍ മലയാളികള്‍ ഉള്‍പ്പടെ 3,000 ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്.

നേരത്തെ, നല്‍കിയിരിക്കുന്ന നിര്‍ദേശപ്രകാരമാല്ലാതെ ആരും പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തരുതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അതിര്‍ത്തിയിലെത്തിയവര്‍ക്ക് നേരെയാണ് കൈയേറ്റമുണ്ടായത്.

യുക്രൈനിലെ യുദ്ധസാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള രണ്ടാം സംഘം ഇന്ന് പുലര്‍ച്ചെയോടെ ഡല്‍ഹിയിലെത്തിയിരുന്നു. യുക്രൈനില്‍ നിന്നും അതിര്‍ത്തിയിലേക്കുള്ള യാത്ര യുക്രൈന്‍ പൊലീസിന്റെ അകമ്പടിയിലായിരുന്നെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

റൊമാനിയന്‍ അതിര്‍ത്തിയിലേക്കുള്ള ഗതാഗതക്കുരുക്ക് കാരണം കിലോമീറ്ററുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബാഗേജുകളുമെടുത്ത് നടക്കേണ്ടിവന്നത്. ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രൈന്‍ അതിര്‍ത്തി കടക്കാമെന്നും യുക്രൈനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും മടങ്ങിയെത്തിയവര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയോടെ യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെകൂടി ഡല്‍ഹിയിലെത്തിച്ചു. റൊമേനിയ വഴിയുള്ള രണ്ടാം സംഘമാണ് എത്തിയത്. 17 മലയാളികളക്കം 250 വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. മലയാളികളെ കേരള ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്കായി നോര്‍ക്ക 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രിയോടെയാണ് മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള ആദ്യ രക്ഷാ ദൗത്യവിമാനമാണ് ഇന്നലെ എത്തിയത്. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പെടെ 219 യാത്രക്കാരാണുണ്ടായിരുന്നത്.കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button