കീവ്: യുക്രൈന്‍ വ്യോമമേറല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കീവില്‍ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് താമസക്കാര്‍ അഭയകേന്ദ്രങ്ങളിലെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. കീവ് നഗരം റഷ്യ വളഞ്ഞതായി യുക്രൈന്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയര്‍ പറയുന്നു.
ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈന്‍ അധിനിവേശം തുടരുകയാണ്. ഒരു നഗരം കൂടി റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങള്‍ റഷ്യന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായാണ് ഈ രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് മുഴുവന്‍ റഷ്യന്‍ സൈന്യം വളഞ്ഞതായി ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. രാത്രിയില്‍ വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികളും അറിയിച്ചിരുന്നു. പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിന്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നടങ്കം യുക്രൈന്‍ ആക്രമിച്ച റഷ്യന്‍ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, പുടിന്റെ പരാമര്‍ശത്തില്‍ അമേരിക്ക ശക്തമായ വിദ്വേഷം രേഖപ്പെടുത്തി.
അധിനിവേശത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഡോളറിന് നേരെ റൂബിളിന്റെ മൂല്യം 41 ശതമാനം താഴ്ന്നു. ഇന്നലെ പകല്‍ ഡോളറിന് 119 എന്ന നിലയിലേക്ക് റൂബിളിന്റെ മൂല്യം താഴ്ന്നിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് ക്രയവിക്രയത്തിന് വിലക്കുണ്ടെന്ന് റഷ്യയുടെ കേന്ദ്രബാങ്ക് രാജ്യത്തെ ബ്രോക്കര്‍മാരെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ദ്രവ്യത ഉറപ്പുവരുത്താനായി ബാങ്കുകളിലുള്ള 733 ബില്യണ്‍ റൂബിള്‍ മരവിപ്പിക്കാനും റഷ്യയുടെ കേന്ദ്രബാങ്ക് തീരുമാനമെടുത്തതായാണ് വിവരം.
സാമ്പത്തിക രംഗത്തെ തിരിച്ചടികള്‍ നേരിടാനായി റഷ്യയുടെ ബാങ്കുകളുടെ പലിശ നിരക്ക് 9.5 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കടുത്ത ഉപരോധമാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധവും അമേരിക്ക കടുപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കും വിവിധ വ്യവസായങ്ങള്‍ക്കും ഉപരോധം ബാധകമാണെന്നും ജോബൈഡന്‍ വ്യക്തമാക്കി. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ജപ്പാനും തീരുമാനമെടുത്തിട്ടുണ്ട്.
യുക്രൈനില്‍ റഷ്യ യുദ്ധം കടുപ്പിക്കവെ രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ ആഗോള സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് രാജ്യങ്ങള്‍. റഷ്യയ്ക്ക് മേല്‍ ആഗോള സമ്മര്‍ദം ശക്തമാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യളടക്കമുള്ളവരുടെ തീരുമാനം. അമേരിക്ക, ഫ്രാന്‍സ് ജര്‍മ്മനി ഇറ്റലി യു കെ കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു.നേരത്തെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ ഇതിന് യോജിപ്പറിയിച്ച് രംഗത്തെത്തിയിരുന്നു.