യുദ്ധം ആരംഭിച്ചു; കീവില്‍ ആറിടത്ത് സ്‌ഫോടനം

കീവ്: യുക്രൈയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചു. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. ആയുധം താഴെ വച്ച് കീഴടങ്ങാന്‍ യുക്രൈയ്ന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടു. യുക്രൈയ്ന്‍ നഗരമായ ക്രമറ്റോസ്‌കില്‍ ശക്തമായ വ്യോമാക്രമണം നടക്കുന്നുണ്ട്. ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യം കടക്കുകയാണ്.

എന്തിനും തയാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈയ്ന്‍ അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ലക്ഷം സൈനികരെയും യുദ്ധവാഹനങ്ങളെയും റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു.

രാത്രി വൈകി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ റഷ്യന്‍ പൗരന്മാരെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്‌കി റഷ്യന്‍ ഭാഷയിലാണ് സംസാരിച്ചത്. ‘ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ. യുക്രൈയ്ന്‍ ജനത സമാധാനം ആഗ്രഹിക്കുന്നു. യുക്രെയ്‌നിയന്‍ അധികാരികള്‍ സമാധാനം ആഗ്രഹിക്കുന്നു’-സെലന്‍സ്‌കി പറഞ്ഞു.

ഏതു നിമിഷവും യുദ്ധമുണ്ടാകും. സര്‍വശക്തിയും എടുത്ത് പ്രതിരോധിക്കുമെന്നും യുക്രൈയ്ന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള തന്റെ ക്ഷണത്തിന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് യുക്രൈയ്‌നില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

റഷ്യ സന്ദര്‍ശിക്കരുതെന്ന് യുക്രൈയ്ന്‍ പൗരന്മാരോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യയിലുള്ളവരോട് എത്രയും വേഗം മടങ്ങാന്‍ യുക്രെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പമുപ്പതു ലക്ഷത്തോളം യുക്രെയ്ന്‍ പൗരന്മാര്‍ റഷ്യയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News