അങ്കാറ: താല്‍ക്കാലികമായി നിര്‍ത്തിവച്ച റഷ്യ- യുക്രൈന്‍ നാലാംവട്ട സമാധാന ചര്‍ച്ച ഇന്ന് പുനരാരംഭിക്കും. തുര്‍ക്കിയിലെ അങ്കാറയിലാണ് ചര്‍ച്ച നടക്കുന്നത്. സമാധാന ചര്‍ച്ചകള്‍ നന്നായി നടക്കുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ ഇട്ട വീഡിയോയില്‍ യുക്രൈയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം, റഷ്യന്‍ സൈന്യം ആശയക്കുഴപ്പത്തിലാണെന്നും സെലെന്‍സ്‌കി പ്രതികരിച്ചു. യുക്രൈനില്‍ നിന്ന് ഇത്തരമൊരു പ്രതിരോധം റഷ്യ പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ യുദ്ധക്കളത്തില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിച്ച് ഓടിപോകുകയാണെന്നും സെലെന്‍സ്‌കി പറഞ്ഞു. ലുഹാന്‍സ്‌ക്, കീവ് മേഖലകളില്‍ നിന്ന് 3,806 പേരെ പലായനം ചെയ്യാന്‍ സഹായിക്കാന്‍ യുക്രൈന്‍ സേനയ്ക്ക് കഴിഞ്ഞു.
റഷ്യ ഉപരോധിച്ച തുറമുഖ നഗരമായ മരിയുപോളില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു. യുദ്ധത്തെക്കുറിച്ചുള്ള സത്യം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത റഷ്യന്‍ പൗരന്മാര്‍ക്കും സെലെന്‍സ്‌കി നന്ദി പറഞ്ഞു.
റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്ന യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ അവസ്ഥ പങ്കുവച്ച് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ. നഗരത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. റഷ്യയുടെ അധിനിവേശം കീവിനെ എങ്ങനെ തകര്‍ത്തുവെന്ന് അദ്ദേഹം വിശദീകരിച്ചു. തലസ്ഥാനമായ കീവ് പിടിച്ചടക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ സേന ശക്തമായ ആക്രമണം തുടരുകയാണ്.
നഗരത്തിലുള്ള സാധാരണക്കാര്‍ ബങ്കറുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. നഗരങ്ങളിലുടനീളം വ്യോമാക്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. യുക്രൈനിലെ പല നഗരങ്ങളും നശിച്ചു. പലരുടേയും ജീവന്‍ നഷ്ടപ്പെട്ടു. റഷ്യന്‍ യുദ്ധത്തിന്റെ തെളിവാണ് വീഡിയോ എന്നും വിറ്റാലി പറഞ്ഞു. 52 സെക്കന്‍ഡുള്ള വീഡിയോയില്‍ യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളും വാഹനങ്ങളും കാണാന്‍ സാധിക്കും.