InternationalNewsTop Stories

മാസ്‌ക് വേണ്ട,പൊതുപരിപാടികളില്‍ നിയന്ത്രണമില്ല,എല്ലാം തുറന്നു യു.കെ,അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു

ലണ്ടൻ:കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ അരലക്ഷം കടന്നു നിൽക്കെ ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിക്കാൻ യുകെ. നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതുവരെ തുറക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ തുറക്കാം. പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമല്ല, പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കുള്ള നിയന്ത്രണങ്ങളും ഇന്നവസാനിക്കും. അതേ സമയം, രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ എല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ, പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സീനും 87.8% ഒരു ഡോസും വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം കഠിനമാകില്ല എന്നാണു സർക്കാരിന്റെ പ്രതീക്ഷ.

2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനു പിന്നാലെ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസനും ധനമന്ത്രി ഋഷി സുനകും ഐസലേഷനിലായി. കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കമുണ്ടായവർക്ക് ഐസലേഷൻ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റീൻ വേണ്ടെന്നു വയ്ക്കുന്നതായി ഇരുവരും പ്രഖ്യാപിച്ചെങ്കിലും വൻപ്രതിഷേധത്തെത്തുടർന്നു മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റുകയായിരുന്നു.

കോവിഡ് സംബന്ധിച്ച തെറ്റിദ്ധാരണകളും വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനു പിന്നിൽ 12 വ്യക്തികളാണെന്ന് യുകെ–യുഎസ് എൻജിഒ ആയ സെന്റർ ഫോർ കൗണ്ടറിങ് ഡിജിറ്റൽ ഹെയ്റ്റിന്റെ പഠനം. ഈ 12 പേർക്ക് വിവിധ സമൂഹമാധ്യമങ്ങളിലായി 6 കോടിയോളം ഫോളോവേഴ്സ് ഉണ്ട്. ഇവരിലൂടെയാണ് പ്രധാനമായും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന് കാരണം 5ജി ടവറുകളാണെന്നും വാക്സീൻ ഓട്ടിസത്തിനു കാരണമാകുമെന്നും പ്രചരിപ്പിച്ച റോബർട് എഫ്.കെന്നഡി ജൂനിയർ ആണ് ഇവരിൽ പ്രമുഖൻ.

കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായ വ്യക്തിക്ക് ഐസലേഷൻ വേണ്ട. 7 ദിവസത്തേക്ക് എല്ലാ ദിവസവും രാവിലെ കോവിഡ് ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആവുകയും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കുകയുമാണെങ്കിൽ പുറത്തുപോവുകയും ആളുകളുമായി ഇടപെഴകുകയും ജോലി ചെയ്യുകയുമാവാം. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമാണു നിലവിൽ പൈലറ്റ് പദ്ധതിയിൽ പങ്കാളികളാക്കിയിരിക്കുന്നത്.

അതിനിടെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതോടെ യുഎസിൽ കോവിഡ് കേസുകളും മരണവും വീണ്ടും വർധിക്കുന്നു. വാക്സീൻ വിരുദ്ധ പ്രചാരണം ശക്തമായതിനാൽ ഒട്ടേറേപേർ കുത്തിവയ്പിനു വിസമ്മതിക്കുന്നതാണു ബൈഡൻ ഭരണകൂടം നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ മൂന്നിരട്ടിയായി വർധിച്ചു. വാക്സീൻ സ്വീകരിക്കാത്തവർക്കിടയിൽ കേസുകളും മരണങ്ങളും കൂടുതലാണ്. രാജ്യവ്യാപകമായി അടിയന്തര സാഹചര്യമില്ലെങ്കിലും വാക്സീൻ സ്വീകരിക്കാത്ത വിഭാഗങ്ങൾക്കിടയിലാണു കേസുകൾ പെരുകുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടിയിരുന്നു. 16.1 കോടിയിലേറെ അമേരിക്കക്കാർ വാക്സീൻ എടുത്തുകഴിഞ്ഞു. 9 കോടിയോളം പേരാണ് ഇനി എടുക്കാനുള്ളത്.

ഏറ്റവും കുറവ് വാക്സിനേഷൻ നടന്ന 4 സംസ്ഥാനങ്ങളിലാണ് ആശുപത്രിക്കേസുകൾ കൂടുതൽ.വാക്സിനേഷനെതിരെ റിപ്പബ്ലിക്കൻ പാർട്ടി ശക്തമായ പ്രചാരണമാണു നടത്തുന്നത്.പാർട്ടി പ്രവർത്തകർക്കിടയിൽ നടത്തിയ സർവേയിൽ 47% പേരും കുത്തിവയ്പ് എടുക്കില്ലെന്ന നിലപാടാണു സ്വീകരിച്ചത്. അതേസമയം, ഡെമോക്രാറ്റുകളിൽ 6% ആണു വാക്സീൻ വിരുദ്ധ നിലപാടെടുത്തത്.

അമേരിക്കയിലും വകഭേദം വന്ന വൈറസാണ് പടരുന്നത്. യുകെയിലും വ്യാപനം ശക്തമാണെങ്കിലും നല്ലൊരു ശതമാനം ജനങ്ങൾ കുത്തിവയ്പെടുത്തതിനാൽ മരണം കുറവാണ്.

വാക്സിനേഷൻ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിലൂടെ ഫെയ്സ്ബുക് അടക്കം സമൂഹമാധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചു. വാക്സീൻ വിരുദ്ധ പോസ്റ്റുകൾ സമൂഹമാധ്യമങ്ങൾ തടയാത്തതിൽ ആരോഗ്യവിദഗ്ധർ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫെയ്സ്ബുക്കിനെതിരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു.

പാരിസ് ∙ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ഫ്രാൻസ് യാത്രാനുമതി നൽകി. ഇതേസമയം, ഡെൽറ്റ വകഭേദം വ്യാപിക്കുന്നതു തടയാൻ അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി.

യൂറോപ്യൻ യൂണിയന്റെ വാക്സീൻ പാസ്പോർട്ട് പദ്ധതി പ്രകാരം യൂറോപ്പിൽ നിർമിച്ച വാക്സീനുകൾ ഉപയോഗിച്ചവർക്കു മാത്രമേ യാത്രാനുമതി നൽകിയിരുന്നുള്ളൂ. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. യുകെ ഉൾപ്പെടെ യൂറോപ്പിലെ പല രാജ്യങ്ങളും ആഫ്രിക്കയും കോവിഷീൽഡ് നേരത്തേ അംഗീകരിച്ചിരുന്നു.

ഷാങ്ഹായ് ചൈന കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 1.1 കോടി ഡോസ് കോവിഡ് വാക്സീൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 143.7 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തതായി ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker