ലണ്ടന്‍: ബി.ബി.സിയെയും അതിന്റെ മാധ്യമസ്വാതന്ത്ര്യത്തെയും ശക്തമായി പിന്തുണച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ഇന്ത്യന്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച വിഷയം യു.കെ. പാര്‍ലമെന്റില്‍ ഉയര്‍ന്നപ്പോഴാണ് സുനക് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എം.പി. ജിം ഷാനന്‍ ഉന്നയിച്ച ചോദ്യത്തിന് ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസി(എഫ്.സി.ഡി.ഒ.)ലെ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി ഡേവിഡ് റട്‌ലിയാണ് മറുപടി നല്‍കിയത്.
അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഇന്ത്യന്‍ ആദായനികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളേക്കുറിച്ച് യു.കെ. സര്‍ക്കാരിന് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് റട്‌ലി ജനപ്രതിനിധിസഭയില്‍ പറഞ്ഞു. എന്നാല്‍ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അവശ്യഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ ബി.ബി.സിയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. ഞങ്ങളാണ് ബി.ബി.സിയ്ക്ക് ധനസഹായം നല്‍കുന്നത്. ബി.ബി.സി വേള്‍ഡ് സര്‍വീസ് പ്രാധാന്യമുള്ളതാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. ബി.ബി.സിയ്ക്ക് ആ മാധ്യമസ്വാതന്ത്ര്യം ഉണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, റട്‌ലി വ്യക്തമാക്കി.
ബി.ബി.സി. യു.കെയിലെ സര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. പ്രതിപക്ഷത്തെയും വിമര്‍ശിക്കാറുണ്ട്. ബി.ബി.സിയ്ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും എഡിറ്റോറിയല്‍ കാര്യത്തിലും ബി.ബി.സി. സ്വതന്ത്രമാണെന്നും റട്‌ലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള ബന്ധം വിശാലവും ആഴമുള്ളതുമാണെന്നും അതിനാല്‍ വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ യു.കെ. സര്‍ക്കാരിന് സാധിക്കുമെന്നും റട്‌ലി പറഞ്ഞു. അത്തരം സംഭാഷണങ്ങളുടെ ഭാഗമായി വിഷയം ഇന്ത്യന്‍ സര്‍ക്കാരിനോട് ഉന്നയിച്ചിട്ടുണ്ടെന്നും തുടർന്നും സ്ഥിതി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.