തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ഗണേഷ് കുമാറിന്റെ പരമാർശത്തിൽ വിമർശനവുമായി യുഡിഎഫ് നേതാക്കൾ. പ്രസ്താവന പിൻവലിച്ച് ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ നന്മയും മഹത്വവും തിരിച്ചറിയാൻ ഗണേഷ് കുമാറിന് സാധിച്ചില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. തന്റെ കുടുംബം തകർത്ത് മക്കളേയും തന്നെയും രണ്ട് വഴിക്കാക്കിയത് ഉമ്മൻചാണ്ടിയാണെന്നാണ് നേരത്തേ ഗണേഷ് കുമാർ ആരോപിച്ചത്.
‘ഗണേഷ് കുമാർ ആ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നാണ് എന്റെ അഭ്യർഥന. ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ ജീവിതം തകർക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ലെന്ന് എല്ലാവർക്കും അറിയാം. സംഭവിച്ചത് അദ്ദേഹത്തിന്റെ ഭാര്യതന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഞങ്ങൾക്കും ആഗ്രഹമില്ല’, വി.ഡി. സതീശൻ പറഞ്ഞു.
‘ഉമ്മൻ ചാണ്ടി ഇപ്പോൾ നമ്മളോടൊപ്പമില്ല. ആ സാഹചര്യത്തിൽ കഴിഞ്ഞ കാലത്തെ സംഭവവികാസങ്ങളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു ശരിയായ കാര്യമല്ലെന്ന് എനിക്കുറപ്പുണ്ടെന്ന്’, രമേശ് ചെന്നിത്തല പ്രതികരിച്ചു.
‘കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ എത്ര ദിവസങ്ങൾ ഉറക്കമൊഴിച്ചുവെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയാൻ ഗണേഷിന് മാത്രം സാധിക്കാതെ പോയത് ദൗർഭാഗ്യകരമാണ്. ദിവസങ്ങളോളം രാത്രി ഉറക്കമിളച്ച് ആ വിവാഹബന്ധം തകരാതിരിക്കാൻ വേണ്ടി ശ്രമിച്ച ഒരു വ്യക്തിയെക്കുറിച്ച് ഇത്തരം പരാമർശം നടത്തിയത് മനുഷ്യരായിട്ടുള്ളവർ ചെയ്യുന്ന കാര്യമല്ലെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല’, ഷിബു ബേബി ജോൺ പറഞ്ഞു.
തന്റെ കുടുംബം തകർത്ത് മക്കളേയും തന്നെയും രണ്ട് വഴിക്കാക്കിയത് ഉമ്മൻചാണ്ടിയാണെന്ന് നേരത്തേ ഗണേഷ് കുമാർ ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടി പറയേണ്ടിവരുമെന്നും വായിൽ വിരലിട്ടാൽ പഴയ കഥകൾ പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാറാണെന്ന് പത്തനാപുരത്ത് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവേ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇത്രയുംകാലം ഇല്ലാതിരുന്ന ‘രഹസ്യം’ ഇപ്പോൾ പുറത്തുവിടുന്നത് ആരെ പറ്റിക്കാനാണെന്നും ഗണേഷ് ചോദിച്ചിരുന്നു.


