തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചുമുള്ള കണക്ക് കൂട്ടലുകളുടെ തിരക്കിലാണ് കേരളത്തിലെ മൂന്ന് മുന്നണികളും. യു ഡി എഫിനെ സംബന്ധിച്ച് കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മറുവശത്ത് ഇടതുപക്ഷമാകട്ടെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യം മുന്‍ നിർത്തി മുതിർന്ന നേതാക്കളെ അടക്കം രംഗത്തിറക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി ജെ പി പതിവുപോലെ ഇത്തവണയും വിജയം പ്രതീക്ഷിക്കുന്നു.
പോളിങ് ശതമാനം വലിയ തോതില്‍ കുറഞ്ഞത് മൂന്ന് മുന്നണികളുടേയും കണക്ക് കൂട്ടലുകളേയും ബാധിച്ചിട്ടുണ്ട്. പോളിങ് കുറഞ്ഞാല്‍ ഇടത് അനുകൂലം, കൂടിയാല്‍ യു ഡി എഫ് അനുകൂലം എന്നതായിരുന്നു മുന്‍ കാലങ്ങളില്‍ കേരളത്തിലെ പ്രവണത. എന്നാല്‍ അടുത്ത കാലത്ത് ഇതില്‍ വലിയ വ്യത്യാസം വന്നതിനാല്‍ ഇത്തവണത്തെ കുറവ് ആർക്ക് അനുകൂലമായി മാറും എന്ന് വിലയിരുത്തക ശ്രമകരമായ കാര്യമാണ്.
കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനത്തില്‍ 6.57 ശതമാനത്തിന്‍റെ കുറവുണ്ടായത്. ഇതുവരെയുള്ള കണക്ക് പ്രകാരം 71.27 ശതമാനം ആണ് സംസ്ഥാനത്തെ പോളിംഗ്, വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും കൂട്ടുമ്പോള്‍ ഇതില്‍ വീണ്ടും നേരിയ വർധനവ് ഉണ്ടായേക്കും. ആകെ പോളിങ് ശതമാനം കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകള്‍ എല്ലാം തന്നെ പെട്ടിയില്‍ വീണിട്ടുണ്ടെന്നാണ് ഓരോ മുന്നണിയുടേയും അവകാശവാദം
യു ഡി എഫ് പ്രതീക്ഷ 16 മുതല്‍ 20 വരെ സീറ്റാണ്. ഇരുപതില്‍ ഇരുപതും നേതൃത്വം ഉറപ്പിക്കുന്നു. ഏറ്റവും മോശം സാഹചര്യത്തില്‍ മാത്രമായിരിക്കും 16 സീറ്റിലേക്ക് പോകുക എന്നാണ് വിലയിരുത്തല്‍. ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, കണ്ണൂർ മണ്ഡലങ്ങളിൽ മാത്രമാണ് കടുത്ത മത്സരം നടന്നതായി യു ഡി എഫ് വിലയിരുത്തുന്നത്. വടകര ഉള്‍പ്പെടെ ബാക്കി 16 മണ്ഡലങ്ങളിലും യു ഡി എഫ് വലിയ വിജയം ഉറപ്പിക്കുന്നു.
എല്‍ ഡി എഫിന്റെ പ്രതീക്ഷ 11 സീറ്റ് വരെയാണ്. ആറ് സീറ്റുകള്‍ അവർ ഉറപ്പിക്കുന്നു. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് പോളിങ് ശതമാനമെന്നും എൽ ഡി എഫ് വിലയിരുത്തുന്നു. ശക്തികേന്ദ്രങ്ങളിൽ പോളിങ് ശതമാനം ഉയർന്നതും ഇടത് പ്രതീക്ഷകള്‍ വർധിപ്പിക്കുന്നുണ്ട്. വടകര, ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, കണ്ണൂർ , പാലക്കാട്, മണ്ഡലങ്ങളാണ് എല്‍ ഡി എഫ് ഉറപ്പിക്കുന്നത്.
അതേസമയം, തിരുവനന്തപുരവും തൃശൂരും വിജയം പ്രതീക്ഷിച്ചിരുന്ന ബി ജെ പിയുടെ പ്രതീക്ഷകള്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ തൃശൂരിലേക്ക് മാത്രം ഒതുങ്ങിയിട്ടുണ്ട്. തലസ്ഥാനത്ത് പ്രതീക്ഷിച്ചയിടങ്ങളിൽ പോളിംഗ് ഉയരാത്തതാണ് ബി ജെ പിക്ക് തിരിച്ചടിയായത്. എന്നാല്‍ തൃശൂരില്‍ മികച്ച രീതിയില്‍ പോളിങ് നടന്നെന്നും ബി ജെ പി വിലയിരുത്തുന്നു