ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകൾ. നലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ചലച്ചിത്ര താരം കൂടിയായ ഉദയനിധി. വരുന്ന ഓഗസ്റ്റ് 22-ന് മുമ്പായി ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് ദേശീയ മാധ്യമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തത്.
നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരില്‍ കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഉദയനിധിയെ ഈ വര്‍ഷമാദ്യം ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കമുണ്ടായിരുന്നു. എന്നാൽ ഏറെ ചർച്ചകൾക്ക് വഴി തെളിച്ച സനാതന ധർമ്മ വിവാദവും കല്ലുകുറിച്ച് മദ്യദുരന്തവും മൂലം തീരുമാനം വൈകിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്റ്റാലിന്‍ ഓഗസ്റ്റ് 22-ന് യുഎസ് സന്ദർശനത്തിന് പോകുന്നതിന് മുമ്പായി ഉദയനിധി പുതിയ സ്ഥാനത്തെത്തുമെന്നാണ് വിവരം. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.