ജയ്പൂര്‍: സ്‌കൂളില്‍ ഹാന്‍ഡ് ബോള്‍ കളിക്കുന്നതിനിടെ പോസ്റ്റ് തലയില്‍ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ഹാന്‍ഡ് ബോള്‍ പോസ്റ്റില്‍ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. രാജസ്ഥാനിലെ ഉദയപൂരിലെ സ്‌കൂള്‍ മൈതാനത്ത് തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഉദയപൂരിലെ തീതാര്‍ഡിയില്‍ ആര്‍കെ പുരം സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മഹര്‍ത്ത് രാജ് സിംഗ് ആണ് മരിച്ചത്.
പോസ്റ്റ് തലയില്‍ ഇടിച്ചുണ്ടായ പരിക്കാണ് മരണ കാരണം. പോസ്റ്റ് തലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ അടുത്തുള്ള എംബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദ്ര സിംഗ് ചരണ്‍ അറിയിച്ചു. വസ്തു കച്ചവടക്കാരനായ ദേവേന്ദ്ര പാല്‍ സിംഗ് ചൗഹാന്റെ ഏക മകനാണ് മഹര്‍ത്ത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മോര്‍ച്ചറിക്ക് മുന്‍പില്‍ കുട്ടിയുടെ ബന്ധുക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്തെത്തി. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. മൈതാനത്തെ കായിക ഉപകരണങ്ങളുടെ ബല പരിശോധനയില്‍ വീഴ്ചയുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
An eight-year-old boy, Maharth Raj Singh, died tragically in Udaipur, Rajasthan, after a handball post fell on him while playing at school. The incident occurred on Monday when the third-grade student reportedly swung from the post, causing it to collapse onto him. Police have initiated an investigation into the school’s safety measures and whether the sports equipment was properly secured to prevent such accidents.


