ഉദയ്പൂര്‍: മുഹമ്മദ് നബിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന പ്രതികള്‍ക്ക് ഭീകരബന്ധമെന്ന് സൂചന. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല.
പ്രതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളില്‍ ഐഎസ് സൂചനകളുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പുറമേ ഐഎസുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്ന് അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടായിരുന്നെന്നും സൂചനയുണ്ട്.
അതേസമയം, പ്രതികളെ ചോദ്യംചെയ്യാനായി എന്‍.ഐ.എ സംഘം രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്. ഇവരുടെ തീവ്രവാദ ബന്ധമുള്‍പ്പെടെയുള്ള സംശയിക്കുന്ന കാര്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി വിശദമായി പരിശോധിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പൂരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതുമുതല്‍ തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് പോലീസ് ഗൗരവമായി കാണാന്‍ തയ്യാറായില്ലെന്ന ആരോപണവുമുണ്ട്.
കൊലപാതകത്തെ ഭീകര പ്രവര്‍ത്തനമായിട്ടാണ് കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നത്. സംഭവത്തിന് പിന്നില്‍ എന്തെങ്കിലും വിദേശ സഹായമോ നിര്‍ദേശമോ ലഭിച്ചിട്ടുണ്ടോയെന്നും എന്‍ഐഎ സംഘം അന്വേഷിക്കും. പ്രതികളെ ഇന്നുതന്നെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസില്‍ വിദേശ ഗൂഡാലോചനയുള്‍പ്പെടെയുള്ള എന്തെങ്കിലും സൂചന ലഭിച്ചാല്‍ കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കും.
അതേസമയം കേസില്‍ ശക്തമായ ഇടപെടലാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരടങ്ങിയ ഈ സംഘവും എന്‍ഐഎയുമായി ആശയവിനിമയം നടത്തും.
ഉദയ്പുരിലെ തിരക്കേറിയ മാര്‍ക്കറ്റിലുള്ള തന്റെ കടയില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാല്‍ കൊല്ലപ്പെട്ടത്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് എതിരായ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
കനയ്യലാലിന്റെ തയ്യല്‍ക്കടയില്‍ തുണി തയ്പ്പിക്കാന്‍ അളവെടുക്കാനെന്ന വ്യാജേനയെത്തിയ പ്രതികള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതികള്‍ ഭീഷണി മുഴക്കുന്നുണ്ട്.രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.