ദുബായ് : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വധത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം ശക്തമായതോടെ യുഎഇയിൽ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മാർച്ച് 2, 3, 4 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ രാജ്യത്ത് അതീവ ജാഗ്രത പാലിക്കാൻ യുഎഇ ഭരണകൂടം നിർദ്ദേശിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ഈ മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐസിഎസ്ഇ (ICSE), ഐഎസ്സി (ISC) പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചതിന് പിന്നാലെയാണ് ഈ തീരുമാനവും വന്നിരിക്കുന്നത്.യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി നിർത്തുന്നതിന്റെ ഭാഗമായി സ്വകാര്യ-സർക്കാർ മേഖലയിലുള്ളവർക്ക് ഈ ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ (Work From Home) അനുവദിക്കാൻ തീരുമാനിച്ചു.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും താൽക്കാലികമായി അടച്ചു. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനും ഇൻഡോർ ഏരിയകളിൽ തന്നെ തുടരാനും കർശന നിർദ്ദേശമുണ്ട്. ആക്രമണമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് മൊബൈൽ ഫോണുകൾ വഴി ജനങ്ങൾക്ക് കൃത്യമായ അലേർട്ടുകൾ നൽകുന്നുണ്ട്.
അബുദാബി, ദുബായ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഇതിനകം തന്നെ ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ നീക്കം. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ (Thaad, Patriot) രാജ്യമുടനീളം സജ്ജമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് യുഎഇ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം എണ്ണവില കുതിച്ചുയരുന്നതും ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്.
പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾ യുദ്ധഭീതിയിലാണ്. ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുകയുള്ളൂ.
The UAE has declared a state of high alert for the next three days (March 2-4, 2026) as the Iran-US-Israel conflict escalates. Educational institutions, including schools and universities, will remain closed, and major board exams like ICSE and ISC have been postponed. The government has mandated “Work From Home” for both public and private sectors and temporarily closed major tourist spots, including Dubai Global Village. Residents are advised to stay indoors and follow safety protocols issued by NCEMA due to ongoing missile and drone threats from Iran.


