ന്യൂഡല്‍ഹി: ജസ്റ്റിസ് യു യു ലളിതിനെ ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിതിനെ ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കേന്ദ്ര സര്‍ക്കാരിന് കത്ത് കൈമാറിയിരുന്നു.
ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എന്‍ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി ലളിതിനെ ശുപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഓഗസ്റ്റ് 27ന് ജുഡീഷ്യറി തലവനായി ലളിത് നിയമിതനാകും.
ജസ്റ്റിസ് ലളിതിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തില്‍ താഴെ മാത്രമേ കാലാവധിയുള്ളൂ. ഈ വര്‍ഷം നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. 2021 ഏപ്രില്‍ 24 ന് എസ് എ ബോബ്‌ഡെയില്‍ നിന്നാണ് രമണ സ്ഥാനമേറ്റത്. 16 മാസത്തിലധികം നീണ്ട സേവനത്തിന് ശേഷം ഓഗസ്റ്റ് 26 ന് രമണ സ്ഥാനമൊഴിയുകയാണ്.
2014ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അതിന് മുന്‍പ് 2ജി കേസിന്റെ വിചാരണയില്‍ സിബിഐ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യുട്ടറായി ഹാജരായിരുന്നു.