വാഷിങ്ടൺ: അമേരിക്കയിൽ ഗർഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അമേരിക്കയിൽ നിയമപരമായ ഗർഭഛിദ്രങ്ങൾക്ക് അടിസ്ഥാനമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗർഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. സമീപ കാലത്ത് യുഎസ് സുപ്രീം കോടതിയുടെ ഏറ്റവും പ്രധാന വിധിയായി യുഎസ് മാധ്യമങ്ങൾ ഗർഭ ഛിദ്രത്തെ നിരോധിച്ചതിനെ വിശേഷിപ്പിച്ചു. അതേസമയം, വിധിക്കെതിരെ നിരവധി വനിതാ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി. സ്വന്തം ശരീരത്തിന് മേലുള്ള അവകാശങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റമായി ചില സംഘടനകൾ വിധിയെ വിശേഷിപ്പിച്ചു. ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറ് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ വിയോജിച്ചു.
ഭരണഘടനാ സംരക്ഷണം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കൻ സ്ത്രീകൾക്ക് വേണ്ടി ഞങ്ങൾ വിയോജിക്കുന്നു- വിയോജിപ്പുള്ള ജസ്റ്റിസുമാരായ സ്റ്റീഫൻ ബ്രെയർ, സോണിയ സോട്ടോമേയർ, എലീന കഗൻ എന്നിവർ പറഞ്ഞു. വിധിക്കെതിരെ പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കർ നാൻസി പെലോസിയും രംഗത്തെത്തി. അമേരിക്കയെ 150 വർഷം പിന്നോട്ട് നടത്തിച്ച വിധിയെന്ന് ബൈഡൻ പ്രതികരിച്ചു. അമേരിക്കക്ക് നിന്ന് ദുഃഖം നിറഞ്ഞ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മുഖത്തേറ്റ് അടിയെന്നാണ് അവർ വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കൻ നിയന്ത്രിത സുപ്രീം കോടതി തീരുമാനങ്ങൾ എടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം കവർന്നെടുത്തെന്നും ഡൊണാൾഡ് ട്രംപും മിച്ച് മക്കോണലും റിപ്പബ്ലിക്കൻ പാർട്ടിയും സുപ്രീം കോടതിയിലെ അവരുടെ സൂപ്പർ ഭൂരിപക്ഷവും കാരണം അമേരിക്കൻ സ്ത്രീകൾ കഷ്ടത അനുഭവിക്കുകയാണെന്നും അവർ പറഞ്ഞു.
ദൈവത്തിന്റെ വിധിയെന്നാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. കഴിഞ്ഞയാഴ്ചയിലെ മൂന്നാമത്തെ പ്രധാന വിധിയാണ് സുപ്രീം കോടതി വിധിച്ചത്. നേരത്തെ മതസ്‌കൂളുകൾക്ക് പൊതു ഫണ്ടിന് അർഹതയുണ്ടെന്നും ന്യൂയോർക്ക് സ്റ്റേറ്റിലെ കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങൾ ഇല്ലാതാക്കുകയും ചെയ്തിരുന്നു.