വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാൻ്റെ നിരുപാധിക കീഴടങ്ങൽ അല്ലാതെ മറ്റൊരു ചർച്ചയ്ക്കും താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ തോൽവി സമ്മതിച്ച് കീഴടങ്ങണം. കീഴടങ്ങലിന് ശേഷം ഇറാനിൽ തനിക്ക് സ്വീകാര്യമായ ഒരു പുതിയ നേതൃത്വം വരികയാണെങ്കിൽ തകർന്നുപോയ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനർനിർമിക്കാനും കരുത്തുറ്റതാക്കാനും അമേരിക്കയും സഖ്യകക്ഷികളും സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. ‘ഇറാനെ വീണ്ടും മഹത്തരമാക്കുക’ എന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ചില രാജ്യങ്ങൾ സമാധാനത്തിനായി മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അറിയിച്ചു. മേഖലയിൽ ശാശ്വതമായ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിയൻ ജനതയെ ആക്രമിക്കുകയും സംഘർഷത്തിന് കാരണക്കാരായവർക്കെതിരെയുമാണ് നടപടി വേണ്ടതെന്നും പെസെഷ്കിയൻ കൂട്ടിച്ചേർത്തു.
അതിനിടെ അമേരിക്ക യുദ്ധത്തിൽ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു. ഇറാൻ പരാജയപ്പെട്ടുവെന്നും ഓരോ മണിക്കൂറിലും അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസം കൊണ്ട് ഇറാന്റെ സൈനിക ശേഷി തകർക്കാൻ കഴിഞ്ഞെന്നും കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും അയക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


