വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ കനത്ത യുദ്ധം തുടരുന്നതിനിടയിലും ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു രഹസ്യം കൂടി പുറത്തുവന്നു. അമേരിക്കയും ഇറാനും തമ്മില്‍ അതീവ രഹസ്യമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ക്കിടെ ഇറാന്റെ പ്രധാന ചര്‍ച്ചാ പ്രതിനിധികളെ വധിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഇസ്രായേലിന്റെ ഈ നീക്കം ചര്‍ച്ചകളെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും യുദ്ധം കൂടുതല്‍ വഷളാക്കുമെന്നും ഭയന്ന ട്രംപ് ഭരണകൂടം, മറ്റ് ചില മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ വഴി ഇറാന്‍ പ്രതിനിധികള്‍ക്ക് രഹസ്യമായി മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫിനെയുമാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നത്. ഏപ്രില്‍ മാസത്തില്‍ സമാധാന ചര്‍ച്ചകള്‍ ശക്തമായ സമയത്തായിരുന്നു ഈ വധശ്രമത്തിനുള്ള പ്ലാന്‍ അരങ്ങേറിയത്. ഖാലിബാഫ് ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റില്‍ ഉണ്ടെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ഈ നീക്കത്തില്‍ നിന്നും പിന്മാറാന്‍ അമേരിക്ക ഇസ്രായേലിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇറാന്‍ പ്രതിനിധികള്‍ കൊല്ലപ്പെട്ടാല്‍ പിന്നെ സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇറാനില്‍ മറ്റാരും അവശേഷിക്കില്ലെന്ന് പാകിസ്താന്‍ നേരത്തെ തന്നെ യു.എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്ക ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷമുള്ള ആഴ്ചകളിലാണ് വധശ്രമത്തിന് ഇസ്രയേല്‍ ശ്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ഇരുവരേയും വധിക്കാനുള്ള ഇസ്രയേല്‍ നീക്കം ചര്‍ച്ചകള്‍ അട്ടിമറിക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതിനിടെ, ഇസ്രായേലിന്റെ കണ്ണുവെട്ടിച്ച് ഇറാന്‍ സ്പീക്കര്‍ ഖാലിബാഫ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സിനിമാറ്റിക് കഥയും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. ഏപ്രിലില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം തിരികെ ടെഹ്റാനിലേക്ക് പറക്കുകയായിരുന്നു ഖാലിബാഫും സംഘവും. പാകിസ്താന്‍ യുദ്ധവിമാനങ്ങളുടെ കനത്ത സുരക്ഷയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.
വിമാനം ഇറാന്‍ അതിര്‍ത്തിയിലേക്ക് കടന്നയുടന്‍, ഇറാഖ് അതിര്‍ത്തി വഴി രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വിമാനത്തെ അക്രമിക്കാന്‍ വരുന്നുണ്ടെന്ന രഹസ്യവിവരം ഇറാന്റെ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഉടന്‍ തന്നെ പൈലറ്റ് വിമാനം വടക്കുകിഴക്കന്‍ ഇറാനിലെ മഷാദിലേക്ക് അടിയന്തിരമായി തിരിച്ചുവിട്ടു. അവിടെ വിമാനമിറക്കിയ ഖാലിബാഫും സംഘവും പിന്നീട് 8 മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാണ് ടെഹ്റാനില്‍ എത്തിയത്.
ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചുകൊണ്ട് ആരംഭിച്ച യുദ്ധത്തില്‍ ഇറാന്റെ പ്രമുഖ നേതാക്കളെ മുഴുവന്‍ വകവരുത്തുക എന്നതായിരുന്നു ഇസ്രായേലിന്റെ തന്ത്രം. എന്നാല്‍ ട്രംപ് ഭരണകൂടത്തിന് ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനായിരുന്നു താല്പര്യം. സഖ്യകക്ഷികളായ അമേരിക്കയും ഇസ്രായേലും തമ്മില്‍ യുദ്ധ ലക്ഷ്യങ്ങളില്‍ നിലനില്‍ക്കുന്ന വലിയ ഭിന്നതയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
നേരത്തെ മധ്യസ്ഥരാജ്യമായ പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സ്വിറ്റ്‌സര്‍ലണ്ടില്‍ വച്ച് വധിക്കാന്‍ മൊസാദ് പദ്ധതിയിട്ടുവെന്ന് ബ്രസിലീയന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ പെപ്പെ എസ്‌കോബാര്‍ വ്യക്തമാക്കിയിരുന്നു.


