InternationalNews

യു.എസ്. ഡ്രോണുകൾ ഗാസയ്ക്കുമുകളിൽ; ഗാസാസിറ്റിയിൽ അവശേഷിക്കുന്നവരോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ

വാഷിങ്ടൺ: ഗാസ മുനമ്പിനുമുകളിലൂടെ യു.എസ്. ഡ്രോണുകൾ നിരീക്ഷണപ്പറക്കൽ നടത്തുന്നതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട്.

എം.ക്യു.-9 ഇനത്തിൽപ്പെട്ട ആറ് ഡ്രോണുകളാണ് കണ്ടെത്തിയത്. എന്നാൽ, ഇസ്രയേൽ പ്രതിരോധസേനയെ യുദ്ധത്തിൽ പിന്തുണയ്ക്കുകയല്ല മറിച്ച്, ബന്ദികളെവിടെയെന്നു കണ്ടെത്തുകയാണ് ഡ്രോണുകളുടെ ലക്ഷ്യമെന്ന് യു.എസ്. പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. ഗാസയ്ക്കുമുകളിൽ ഇസ്രയേലിന്റെ നിരീക്ഷണവിമാനങ്ങൾ ഇടതടവില്ലാതെ പറക്കുന്നുണ്ടെങ്കിലും യു.എസ്. ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്.

ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുമായി യു.എസ്. കമാൻഡോകൾ യുദ്ധമുഖത്തുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധത്തിൽ യു.എസ്. നേരിട്ടുപങ്കെടുക്കുന്നതിന്റെ ഭാഗമല്ലിതെന്നാണ് വിശദീകരണം.

കഴിഞ്ഞ ശനിയാഴ്ച യു.എസിന്റെ പ്രത്യേക ദൗത്യസേനയുടെ എം.ക്യു.-9 റീപ്പർ വിമാനം ഗാസയ്ക്കുമുകളിൽ പറക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ എഴിന് ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതുമുതൽ നിരീക്ഷണ ആവശ്യങ്ങൾക്കായി ഈ വിമാനം മേഖലയിൽ സജീവമാണെന്നാണ് പെന്റഗൺ പറഞ്ഞത്.

യു.എസ്. വ്യോമസേനയുടെ ‘ഹണ്ടർ കില്ലർ’ എന്നറിയപ്പെടുന്ന ഈ ഡ്രോണുകൾ ഇറാഖ്, സിറിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്താനും രഹസ്യാന്വേഷണങ്ങൾക്കുമായി ഉപയോഗിച്ചുവരുന്നു. 20 മണിക്കൂറിലധികം തുടർച്ചയായി പറക്കാനാകും.

ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് ലൂയി അബിനാദർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് എന്നിവരുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. ബ്രിട്ടൻ സന്ദർശനത്തിനിടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ചു. ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്ന 240 പേരിൽ പത്തുപേർ അമേരിക്കക്കാരാണ്.

ഗാസാസിറ്റിയുമായി അതിർത്തിപങ്കിടുന്ന ഷതി അഭയാർഥിക്യാമ്പിലുള്ളവർക്ക് വ്യാഴാഴ്ച ആകാശത്തുനിന്ന് ചില കുറിപ്പുകൾ കിട്ടി. ‘സമയം അതിക്രമിച്ചു’ എന്നായിരുന്നു അതിലെഴുതിയത്. ഹമാസിനെ ലക്ഷ്യമിട്ട് ആക്രമണമാരംഭിക്കുംമുമ്പ് ഇസ്രയേൽ നൽകിയ അന്ത്യശാസനം. പോർവിമാനങ്ങളുപയോഗിച്ചായിരുന്നു ഇസ്രയേൽ ഈ നോട്ടീസുകൾ താഴത്തിട്ടത്. “എന്തൊരു ജീവിതമാണിത്. ഞങ്ങളുടെ മക്കളെയെങ്കിലും സുരക്ഷിതസ്ഥാനത്തെത്തിക്കണം, എല്ലാവരും ഭയന്നിരിക്കയാണ്. കുട്ടികളും സ്ത്രീകളും മുതിർന്നവരും” -ഗാസാസിറ്റിക്കു സമീപത്തെ അൽ ഖുത് ആശുപത്രിയിൽ അഭയംതേടിയ അമ്പതുകാരി ഹിയാം ഷംലാക് പറഞ്ഞു.

വടക്കൻ ഗാസയിലെ 11 ലക്ഷംപേരോട് തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകാൻ യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽത്തന്നെ ഇസ്രയേൽ ഉത്തരവിട്ടിരുന്നു. എന്നാൽ, പലരും ഇവിടം വിട്ടില്ല. തെക്കോട്ടുപോയവരിൽ ചിലർ അവിടെ മാനുഷികപ്രതിസന്ധി രൂക്ഷമായതോടെ സ്വന്തംമണ്ണിലേക്കുതന്നെ മടങ്ങുകയുംചെയ്തു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന മരണഭയംപേറി പലരും യു.എന്നും മറ്റും ഒരുക്കിയ താത്കാലിക അഭയകേന്ദ്രങ്ങളിലാണുള്ളത്. ബുറെയ്ജിലെ അഭയാർഥിക്യാമ്പിനുനേരെ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു.

ഇതിനിടെ, ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രയേൽ സൈനികരുടെ മടക്കം ശവപ്പെട്ടിയിലായിരിക്കുമെന്ന് ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്‌സ് മുന്നറിയിപ്പ് നൽകി. ‘‘ഗാസ ഇസ്രയേലിനെ സംബന്ധിച്ച് അവരുടെ ചരിത്രത്തിലെ ശാപമായിമാറുമെന്ന് ’’ ഹമാസ് വക്താവ് അബു ഒബെയ്ദ വ്യക്തമാക്കി.

ഗാസയിൽ ഇതുവരെ 9061 പേരാണ് കൊല്ലപ്പെട്ടത്. 32,000 പേർക്ക് പരിക്കേറ്റു. യുദ്ധമാരംഭിച്ചശേഷം ഇസ്രയേലിലും 2.5 ലക്ഷം പേർ അഭയാർഥികളായി. ഹമാസ് ഇസ്രയേലിലേക്ക് മിസൈലാക്രമണം തുടരുന്ന സാഹചര്യത്തിലാണിത്. ഇതിനിടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ റാഫ അതിർത്തിവഴി 800 വിദേശപൗരർ ഈജിപ്തിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button