തൃശൂര്‍: മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. നെടുമ്പാശ്ശേരി പിരാരൂര്‍ സ്വദേശികളായ കാച്ചപ്പിള്ളി പോള്‍സന്‍ (26 ),കന്നാപ്പിള്ളി റോമി (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇവരില്‍ നിന്ന് 2.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ബൈക്കിലെത്തിയ ഇരുവരേയും വെള്ളാങ്കല്ലൂരില്‍ വച്ച് പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐപി എസി ന്റെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്.എറണാകുളം, തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഇത്തരത്തിലുളള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായും കഞ്ചാവില്‍ നിന്ന് മാറി ഇത്തരത്തിലുള്ള ന്യൂ ജനറേഷന്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളായും മാറുകയാണ്. ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ് അപ്പ്,ഡാര്‍ക്ക് വെബ് എന്നിവ മുഖേനയാണ് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതെന്നും പൊലീസ് പറയുന്നു. പരീക്ഷാ സമയത്ത് കുട്ടികള്‍ക്ക് ഓര്‍മ്മശക്തി വര്‍ധിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മയക്കുമരുന്ന് വില്‍പ്പന എന്നും പൊലീസ് പറയുന്നു.