News

അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍!

ന്യൂജഴ്സി: അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന്‍ ഓഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍. ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകന്‍ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംങ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തത്. എന്‍ബിസി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച് ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ആപ്പിന്റെ കാര്‍ട്ടില്‍ സൂക്ഷിച്ചിരുന്നു.

ഇതാണ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നതായി അവര്‍ മനസ്സിലാക്കി. തുടര്‍ന്ന് തന്റെ ഭര്‍ത്താവിനോടും മുതിര്‍ന്ന രണ്ട് കുട്ടികളോടും സാധനങ്ങള്‍ വാങ്ങിയോ എന്ന് ചോദിച്ചെങ്കിലും അത് തങ്ങളല്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് 2 വയസ്സുള്ള മകന്‍ ആയാംഷിലേക്ക് സംശയം നീളുന്നത്. ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓര്‍ഡര്‍ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് ചിരിയാണ് വന്നതെന്നും ഇനിമുതല്‍ ഫോണുകളില്‍ നിര്‍ബന്ധമായും പാസ്‌വേഡ് ലോക്കുകള്‍ ഉപയോഗിക്കുമെന്ന് അയാംഷിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button