രണ്ടു വയസ്സുകാരിയുടെ കൊലപാതകം: അമ്മാവൻ കുറ്റമേറ്റെടുത്തതാണെന്ന് നാട്ടുകാർ; അമ്മയെ ചോദ്യം ചെയ്യും

ബാലരാമപുരം: രണ്ടരവയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ മുത്തശ്ശിയേയും സഹോദരി പൂര്‍ണേന്ദുവിനെയും ബാലരാമപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പോലീസ് ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. അമ്മാവന്‍ ഹരികുമാറിനെ ഇന്ന് (വെള്ളിയാഴ്ച) മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തെളിവെടുപ്പും ഇന്ന് നടക്കും. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ അതിന് മുന്‍പായി തെളിവെടുപ്പ് ഉണ്ടാകും. പത്ത് മണിയോടെ എസ്.പി. മാധ്യമങ്ങളെ കാണുന്നുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ എസ്.പി. വിശദീകരിക്കും എന്നാണ് വിവരം. അമ്മയായ ശ്രീതുവിനെ നിലവില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടില്ല. ശ്രീതുവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവില്‍ പോലീസിന്റെ കയ്യിലില്ല. ഇന്നത്തെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മൊഴി വൈരുധ്യങ്ങളുള്ളത് കൊണ്ട് തന്നെ ബന്ധുക്കളില്‍ ആര്‍ക്കൊക്കെ കൃത്യത്തില്‍ പങ്കുണ്ട് എന്ന കാര്യത്തില്‍ പോലീസിന് സ്ഥിരീകരണമില്ല.സഹോദരനുമായി ശ്രീതുവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീതുവിന്റെ മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. നിലവിവില്‍ മഹിളാകേന്ദ്രത്തിലുള്ള ശ്രീതുവിനെ കൂടുതല്‍ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്.

അതേസമയം കൃത്യത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. ഹരികുമാര്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ശ്രീതു അറിയാതെ കുഞ്ഞിനെ എടുക്കാന്‍ ഹരികുമാറിന് സാധിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

വ്യാഴാഴ്ച വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഇളയകുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതുവാണ് അതിരാവിലെ അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്താകെ തിരഞ്ഞു. ഒടുവില്‍ അഗ്‌നിരക്ഷാസേനയെത്തി വീട്ടുമുറ്റത്തെ കിണര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനില്‍ വിളിപ്പിച്ചു ചോദ്യംചെയ്തപ്പോള്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News