13-ാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ് രണ്ട് വയസ്സുകാരി; ഓടിയെത്തി കയ്യിൽ താങ്ങി യുവാവ്-വീഡിയോ

താനെ: താനെ ജില്ലയിലെ ഡോംബിവിലിയിൽ ഫ്ലാറ്റിന്റെ 13-ാം നിലയിൽനിന്നു വീണ രണ്ടുവയസ്സുകാരി അദ്ഭുകരമായി രക്ഷപ്പെട്ടു. കുട്ടിവീഴുന്നത് കണ്ട ഓട്ടോഡ്രൈവർ ഭാവേഷ് മാത്രെയുടെ ഇടപെടലാണ് വലിയ അപകടമൊഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ പങ്കുവെച്ചു.

കുട്ടി വീഴുന്നതുകണ്ട ഭാവേഷ് മാത്രെ ഓട്ടോറിക്ഷ നിർത്തി കുട്ടിയെ പിടിക്കാനോടുന്നത് വീഡിയോയിൽ കാണാം. പൂർണമായി കുഞ്ഞിനെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കൈകൊണ്ട് താങ്ങിയത് വീഴ്ചയുടെ ആഘാതം കുറച്ചു.

പതിമ്മൂന്നാംനിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കഴിഞ്ഞയാഴ്ച ഡോംബിവിലിയിലെ ദേവിചപാഡ പ്രദേശത്താണ് സംഭവം നടന്നതെന്നും കുട്ടിക്ക് നിസ്സാരപരിക്കുകൾ മാത്രമാണുള്ളതെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News