ലക്‌നൗ: തീവണ്ടിയുടെ എന്‍ജിനടിയില്‍ പെട്ട രണ്ടുവയസുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്‍ജിന്‍ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് ബാലനെ രക്ഷിച്ചത്. റെയില്‍വെ ഡിവിഷണല്‍ മാനേജര്‍, ഡ്രൈവര്‍ക്കും അസിസ്റ്റന്റിനും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഫരീദാബാദിലെ ബല്ലാഗഡ് സ്റ്റേഷനിലാണ് സംഭവം. റെയില്‍വെ ട്രാക്കിനരികില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സഹോദരനാണ് കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ടതെന്ന് പറയുന്നു. ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍ പെട്ടെന്ന് തന്നെ എമര്‍ജന്‍സി ബ്രേക്കില്‍ കാലമര്‍ത്തിയെങ്കിലും ബാലന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയി.
വണ്ടി നിര്‍ത്തി ലോക്കോ പൈലറ്റും അസിസ്റ്റന്റും ട്രെയിനില്‍ നിന്നിറങ്ങി ഓടിവന്നപ്പോള്‍ കണ്ട കാഴ്ച അവശ്വസനീയമായിരുന്നു. എന്‍ജിനടിയില്‍ ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു ബാലന്‍. കുട്ടിക്ക് ഒരു പോറല്‍ പോലുമേറ്റിരുന്നില്ല എന്നാതാണ് ഏറെ അദ്ഭുതം. മറ്റുള്ളവരുടെ സഹായത്തോടെ എന്‍ജിനടിയില്‍ കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് ലോകോ പൈലറ്റ് തന്നെയാണ് ബാലനെ മാതാവിന് കൈമാറിയത്.