മുംബൈ: കുത്തിവെപ്പ് മാറി നൽകിയതിനെ തുടർന്ന് രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മുംബൈയിൽ നാല് ആശുപ്രതി ജീവനക്കാർ അറസ്റ്റിൽ. മുംബൈ ഗോവണ്ടിയിലെ നഴ്സിങ് ഹോമിലാണ് സംഭവം.
പനിയെ തുടർന്ന് നൂർ ന്ഴസിങ് ഹോമിലെത്തിയ രണ്ടു വയസ്സുകാരൻ താഹ ഖാന് നഴ്സിന് പകരം തൂപ്പുകാരി കുത്തിവെച്ചത്. ഗുരുതരാവസ്ഥയിലായ താഹ മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. പതിനേഴുകാരിയായ തൂപ്പുകാരിയോടൊപ്പം ഡോക്ടറേയും റെസിഡന്റ് മെഡിക്കൽ ഓഫീസറേയും നഴ്സിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൂപ്പുകാരിക്ക് പ്രായപൂർത്തി ആകാത്തതിനാൽ ജുവൈനൻ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനുവരി 12-നാണ് പനിയെ തുടർന്നാണ് താഹ, നൂർ നഴ്സിങ് ഹോമിലെത്തിയത്. സംഭവ ദിവസം 16-കാരനായ മറ്റൊരു രോഗിക്ക് അസിത്രോമൈസിൻ കുത്തിവെയ്ക്കേണ്ടിവന്നിരുന്നു. നഴ്സ് ഇതിൽ അലംഭാവം കാട്ടിയതോടെ തൂപ്പുകാരി ഇൻജക്ഷൻ എടുക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ 16-കാരന് പകരം രണ്ടു വയസ്സുകാരനായ താഹയ്ക്കാണ് തൂപ്പുകാരി ഇൻജക്ഷൻ നൽകിയത്. അന്ന് റെസിഡന്റ് മെഡിക്കൽ ഓഫീസർ അവധിയിൽ ആയിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.