അഗർത്തല:ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഇടപെട്ട് അസമിലെ കോൺഗ്രസ് എംഎൽഎ. സിദ്ധിഖ് അഹമ്മദാണ് അസമിൽ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്ന നീലംബസാർ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരെയും കണ്ടത്. കോൺഗ്രസ് പ്രവർത്തകരുടെ സംഘവും സ്റ്റേഷന് മുന്നിലുണ്ട്.
മാധ്യമപ്രവർത്തകരുടെ അനധികൃത കസ്റ്റഡി അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും ആവശ്യം. നീലംബസാർ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം തുടങ്ങി. പൊലീസ് നടപടിക്കെതിരെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മാധ്യമപ്രവർത്തനത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ത്രിപുരയിലെ (Tripura) വര്‍ഗ്ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ത്രിപുര പൊലീസ് കേസ് എടുത്തത്. സമൃദ്ധി ശകുനിയ, സ്വര്‍ണ്ണ ഝാ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്തിന്‍റെ (VHP) പരാതിയിൽ മതസ്പര്‍ധ വളര്‍ത്തി എന്നടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്ത ത്രിപുര പൊലീസ് പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും മടക്കയാത്രയിൽ അസമിൽ വെച്ച് അസം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ഒക്ടോബർ 26ന് ബംഗ്ലദേശിൽ ദുർഗ പൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ത്രിപുരയിലെ പാനിസാഗറിൽ മുസ്‌ലിം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണ് സമൃദ്ധിയും സ്വർണയും. അതേസമയം ഗോമതി ജില്ലയിലെ കക്രബൻ പ്രദേശത്തെ മുസ്‌ലിം പള്ളി തകർത്തെന്നത് വ്യാജവാർത്തയാണെന്ന് സർക്കാർ അറിയിച്ചിരുന്നു.