ബെംഗളൂരു: ബി.എം.ടി.സി(ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസില്‍ സ്ത്രീകളുടെ തമ്മില്‍തല്ല്. ബെംഗളൂരു രാജാജിനഗറിലാണ് ബസിനുള്ളില്‍ സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മെജസ്റ്റിക്കില്‍നിന്ന് പീനിയയിലേക്കുള്ള ബസിലായിരുന്നു രണ്ടുസ്ത്രീകള്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായത്. ബസിലെ ജനല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. രണ്ടുപേരും ചെരിപ്പൂരി പരസ്പരം തല്ലുകയായിരുന്നു.
തല്ല് മൂര്‍ച്ഛിച്ചതോടെ യാത്രക്കാരും കണ്ടക്ടറും ഇടപെട്ടു. സംഭവസമയം നിരവധിയാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തല്ലുണ്ടാക്കിയവരെ ബസില്‍നിന്ന് ഇറക്കിവിടണമെന്നായിരുന്നു മറ്റുയാത്രക്കാരുടെ ആവശ്യം. അതേസമയം, സംഭവത്തില്‍ പോലീസില്‍ പരാതിയുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല.