ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ ബെംഗളൂരു സ്വദേശി ആസിഫ്, ഹാസന്‍ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് മരിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ഷെറാഫത്ത് അലിയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആസിഫ് സ്വയം നിറയൊഴിച്ച് മരിച്ചതാണെന്നും പോലീസ് കരുതുന്നു.
ഹാസന് സമീപം ഹൊയ്‌സാല നഗരയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. മരിച്ച രണ്ടുപേരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ്. ഷെറാഫത്ത് അലി മുഖേന ഹൊയ്‌സാല നഗരയില്‍ ഒരു വസ്തു നോക്കാനായാണ് ആസിഫ് എത്തിയത്. തുടര്‍ന്ന് വസ്തു കണ്ടശേഷം രണ്ടുപേരും കാറിലിരുന്ന് സംസാരിച്ചെന്നും ഇതിനിടെയാണ് വെടിയൊച്ച കേട്ടതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഒരാളുടെ മൃതദേഹം കാറിന് പുറത്ത് നിലത്തുകിടക്കുന്ന നിലയിലും മറ്റൊരാളുടെ മൃതദേഹം കാറിനുള്ളിലുമായിരുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കമാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഷെറാഫത്ത് അലിക്ക് നേരേ വെടിയുതിര്‍ത്തശേഷം ആസിഫ് വെടിവെച്ച് ജീവനൊടുക്കിയെന്നാണ് നിഗമനം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചനിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.