തിരുവനന്തപുരം: വലിയതുറയിൽ പോലീസുകാർക്കുനേരെ ഗുണ്ടാ നേതാവിന്റെ ആക്രമണം. ഗുണ്ടാ നേതാവ് ജാങ്കോ കുമാർ എന്നു വിളിക്കുന്ന അനിൽ കുമാർ രണ്ട് എസ്ഐമാരെ കുത്തിവീഴ്ത്തി. അനിൽ കുമാറിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനെടെയാണ് ആക്രമണം. ഒരു ഹോട്ടലുടമയ്ക്കും കുത്തേറ്റു.
വലിയതുറയിലെ മാധവപുരത്ത് ഉച്ചയോടെയാണ് സംഭവം. മാധവപുരത്ത് ഹോട്ടൽ നടത്തിവരുന്ന നസീറിനെയാണ് അനിൽ കുമാർ ആദ്യം കുത്തിപ്പരിക്കേൽപ്പിച്ചത്. തർക്കത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടാൻ ശ്രമം നടത്തി. എന്നാൽ അനിൽ കുമാർ പോലീസുകാർക്കുനേരെ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
രണ്ടു എസ്ഐമാരുടെ നേതൃത്വത്തിൽ അനിൽ കുമാറിനെ വളഞ്ഞ് പിടികൂടുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് എസ്ഐമാരെ കുത്തിവീഴ്ത്തുകയായിരുന്നു. എസ്ഐമാരുടെ നെഞ്ചിലും കൈകളിലുമാണ് കുത്തേറ്റത്. ഒരാളുടെ കൈയിൽ പ്രതി കടിച്ചു.
പോലീസ് ബലംപ്രയോഗിച്ചു പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഹോട്ടലുടമയും പോലീസുകാരും ആശുപത്രിയിൽ ചികിത്സ തേടി. പ്രതി അനിൽ കുമാറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുംക്രിമിനലായ അനിൽ കുമാർ മൂന്നുദിവസം മുൻപാണ് ജയിലിൽനിന്ന് ഇറങ്ങിയത്.