ഇടുക്കി: മഴ മാറി, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ സംസ്ഥാനത്തെ അണക്കെട്ടുകൾ അടയ്ക്കുന്നു. ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് താഴ്ത്തിയത്. മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്റർ ആയി ഉയർത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റിൽ 40,000 ലിറ്റർ ആയി കുറക്കാനാണ് തീരുമാനം.
മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ഷട്ടറുകളടച്ചതെന്നും മഴ കൂടിയാൽ ഷട്ടർ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചു. നിലവിൽ നീരൊഴുക്കിനെക്കാൾ ജലം ഒഴുക്കി കളയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘മഴക്കെടുതിയിൽ അപകടത്തിൽപ്പെട്ട എല്ലാവരുടെയും മൃതദേഹം കിട്ടിയെന്നാണ് നിഗമനം. ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പരിഗണന ഉണ്ടാകും’. മുല്ലപെരിയാർ ഡാമിന് നിലവിൽ അപകടമൊന്നുമില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിലവിൽ മഴ കുറഞ്ഞെങ്കിലും അലർട്ടുകളിൽ മാറ്റമില്ല. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാനത്ത് വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാല് ദിവസത്തേക്കാണ് മുന്നറിയിപ്പ്. കൊല്ലം മുതൽ വയനാട് വരെ 10 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മത്സ്യത്തൊഴിലാളി മുന്നറിയിപ്പ് ഇല്ല.