കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി 85.64 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ മിഷൻ ടൊര്‍ണാഡോ എന്ന പേരിൽ കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആറ് കോടിയോളം രൂപ വിലമതിക്കുന്ന 11 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസിൻ്റെ കൊച്ചി, കോഴിക്കോട്, കരിപ്പൂര്‍ വിഭാഗങ്ങൾ ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയേറെ സ്വര്‍ണം പിടിച്ചത്.
സ്വര്‍ണവുമായി വിവിധ വിമാനങ്ങളിൽ കരിപ്പൂരിൽ എത്തിയ പത്ത് യാത്രക്കാരും കസ്റ്റംസിൻ്റെ പിടിയിലായി. സമീപകാലത്ത് വലിയ രീതിയിലുള്ള സ്വര്‍ണക്കടത്ത് കരിപ്പൂര്‍ വഴി നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിൻ്റെ പ്രത്യേക ഓപ്പറേഷൻ. സമീപകാലത്ത് കരിപ്പൂരിൽ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകൾ ഇല്ലാതെ കടത്തിയ ഒരു കിലോയോളം സ്വർണം പിടികൂടി. തൃശ്ശൂർ ചേരൂർ സ്വദേശി സനോജ് എം. എസ് എന്നയാളെ അറസ്റ്റ് ചെയ്തു. ചെന്നൈ – മംഗലാപുരം മെയിലിൽ ആണ് വിപണിയിൽ 50 ലക്ഷം വിലവരുന്ന സ്വർണം കടത്തിയത്. പുലർച്ചെ നാലരയോടെയാണ് ട്രെയിൻ ഒലവക്കോട് സ്റ്റേഷനിൽ എത്തിയത്. പതിവ് പരിശോധനയ്ക്കിടൊണ് രേഖകൾ ഇല്ലാത്ത സ്വർണം കണ്ടെത്തിയത്. ആഭരണങ്ങൾ അടക്കം പിടിച്ചെടുത്ത സ്വർണത്തിലുണ്ട്. തുടർനടപടിക്കായി സ്വർണവും പ്രതിയേയുo ജിഎസ്ടി വകുപ്പിന് കൈമാറി.