തൊടുപുഴ: അറങ്കുളം മുന്നുങ്കവയല്‍ പാലത്തില്‍ നിന്നും കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു. കുത്താട്ടുകുളം കിളക്കൊമ്പ് സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണന്‍ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി കെ വിജയന്‍ (28) എന്നിവരാണ് മരണപ്പെട്ടത്. കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.
വാഗമണ്‍ ഭാഗത്ത് നിന്നും കാഞ്ഞാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ മലവെള്ളപാച്ചിലില്‍ പെടുകയായിരുന്നു. കാര്‍ ആദ്യം മുന്നങ്കവയലിന് സമീപം സുരക്ഷ ഭീത്തിയില്‍ ഇടിച്ചുനില്‍ക്കുകയും പിന്നീട് മലവെള്ളത്തിന്‍റെ ശക്തിയില്‍ സുരക്ഷ ഭിത്തി തകര്‍ത്ത് ഒലിച്ചുപോവുകയുമായിരിന്നുവെന്നാണ് കണ്ടുനിന്ന മറ്റു യാത്രക്കാരും നാട്ടുകാരും പറയുന്നത്.കാര്‍ ഏതാണ്ട് 500 മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി. ഫയര്‍ ആന്റ് റെസ്ക്യൂ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് നിഖിലിന്‍റെയും, നിമിയുടെയും മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരെ കാണാതായിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും മഴ ശമിച്ചിട്ടില്ല. ഇവിടെ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.